നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് വിദേശസന്ദര്‍ശനത്തിന് അനുമതി നൽകി കോടതി. ഒരുമാസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് അനുമതി നല്‍കിയത്.
യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോകാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ മാസം പത്തൊന്‍പത് മുതല്‍ അടുത്തമാസം പതിനെട്ടുവരെയാണ് അനുമതി. സമയം കഴിഞ്ഞാൽ പാസ്‌പോര്‍ട്ട് കോടതിയില്‍ തിരകെ നല്‍കണം.
വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളില്‍ പങ്കെടുക്കണമെന്ന ആവശ്യപ്പെട്ടാണ് പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.
നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയില്ല
തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടാം ദിവസം രാഹുൽ വിട്ടുനിന്നത്.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു. എന്നാൽ സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം.
പ്രതിപക്ഷം സർക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളിൽ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടിയുടെ തീരുമാനം.
നിയമസഭയിൽ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി.
ആദ്യ ദിനമായ തിങ്കളാഴ്ച സഭയിലെത്തിയിരുന്നെങ്കിലും തുടർദിവസങ്ങളിൽ സഭയിൽ എത്തുമോയെന്ന ചോദ്യത്തിന് ഇന്നലെ രാഹുൽ മറുപടി നൽകിയിരുന്നില്ല. നിയമസഭയിൽ വരുന്ന കാര്യത്തിൽ പാർട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്നും സസ്‌പെൻഷനിലാണെങ്കിലും പാർട്ടിക്ക് പൂർണമായും വിധേയനാണ് താനെന്നും രാഹുൽ പറഞ്ഞിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സഭയിലെത്തിയാൽ സാഹചര്യമനുസരിച്ച് നേരിടാനാണ് ഭരണപക്ഷത്തിന്റെ നീക്കം. രാഹുൽ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാനും ആലോചനയുണ്ട്.
Summary: Actor Siddique, accused in a rape case, has been granted court permission to travel abroad. The Thiruvananthapuram First Class Judicial Magistrate Court allowed him to travel for one month.