‘കിങ് ഈസ് ബാക്ക്’; മമ്മൂട്ടിയുടെ തിരിച്ചു വരവ് ആഘോഷമാക്കി താരങ്ങള്‍
കുറച്ചു മാസത്തെ വിശ്രമത്തിനു ശേഷം മഹാനടൻ മമ്മൂട്ടി വീണ്ടും അഭിനയലോകത്തേക്ക് മടങ്ങി എത്തുകയാണ്. നിര്‍മാതാവ് എസ്. ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആഘോഷമാക്കുകയാണ് സിനിമാ താരങ്ങളും ആരാധകരും.
തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ കൂടെ പങ്കുവെച്ചതോടെ ആരാധകരുടെ ആശ്വാസം വർധിപ്പിച്ചു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പലതാരങ്ങളും ഇന്ന് സോഷ്യൽ മീഡിയയില്‍ പോസ്റ്റുകളിട്ടത്.
നിരവധി പ്രേക്ഷകരാണ് താരങ്ങളുടെ ഓരോ പോസ്റ്റുകള്‍ക്കും താഴെ സന്തോഷം പ്രകടിപ്പിച്ച് കമന്റുകളിട്ടത്. ‘വെല്‍ക്കം ബാക്ക്, ടൈഗര്‍’ എന്ന ഒറ്റവരി പോസ്റ്റാണ് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രവും മഞ്ജു പങ്കു വെച്ചിട്ടുണ്ട്.
പ്രാര്‍ഥനാസൂചകമായി തൊഴുകൈയുടെ ഒട്ടേറെ ഇമോജികള്‍ക്കൊപ്പം ‘എല്ലാം ഓകെയാണ്’ എന്നാണ് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും രമേഷ് പിഷാരടിയും മമ്മൂട്ടിയും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും പങ്കു വെച്ചിട്ടുണ്ട്.
‘സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍? അത്രമേല്‍ താങ്കള്‍ സിനിമയെ സ്‌നേഹിക്കുന്നുവല്ലോ, അതിനേക്കാളുമപ്പുറം അങ്ങയെ ഞങ്ങളും സ്‌നേഹിക്കുന്നുണ്ടല്ലോ’ -എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ ജോയ് മാത്യു കുറിച്ചത്.
‘കാത്തിരിപ്പിനോളം വലിയ പ്രാര്‍ഥനയില്ല’ എന്നായിരുന്നു നടന്‍ ഇര്‍ഷാദ് അലിയുടെ വാക്കുകൾ. മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയും ഇര്‍ഷാദ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദൈവമേ നന്ദി, നന്ദി, നന്ദി…മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് നിർമാതാവ് ആന്റോ ജോസഫ്
കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മമ്മൂട്ടി പൂർണ ആരോഗ്യവാനായെന്ന് നിർമാതാവ് ആന്റോ ജോസഫ്. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടുവെന്ന് പറഞ്ഞ അദ്ദേഹം, “ദൈവമേ നന്ദി, നന്ദി, നന്ദി” എന്ന കുറിപ്പാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
രോഗാവസ്ഥയെ തുടർന്ന് ഏറെ നാളായി പൊതുവേദികളിൽ നിന്നും അകലെയായിരുന്ന മമ്മൂട്ടി, ഇത്തവണ ഫെബ്രുവരിയിലാണ് അവസാനമായി പൊതുയോഗത്തിൽ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് ചികിൽസയ്ക്കായി താരം ചെന്നൈയിലേക്ക് മാറുകയായിരുന്നു. ഈ സമയത്ത് അദ്ദേഹം പല സുഹൃത്തുക്കളോടും ഫോൺ മുഖേന ബന്ധപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോയുടെ പിതാവ് അപകടത്തിൽ മരിച്ചപ്പോഴും, ഷൈനിനെ ആശ്വസിപ്പിക്കാൻ അദ്ദേഹം വ്യക്തിപരമായി ബന്ധപ്പെടുകയും ചെയ്തു.
ഡോക്ടർമാരുടെ സ്ഥിരീകരണമനുസരിച്ച് മമ്മൂട്ടിയുടെ ആരോഗ്യനില ഇപ്പോൾ പൂർണമായും മെച്ചപ്പെട്ടിരിക്കുകയാണ്. നേരിയ രോഗ ലക്ഷണം കണ്ടെത്തിയതിനാലായിരുന്നു താരം ചികിത്സ ആരംഭിച്ചത്.
അവസാന പരിശോധനാഫലങ്ങളും അനുകൂലമായതോടെ, ഉടൻ കേരളത്തിലേക്ക് മടങ്ങി വരുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബറിൽ മഹേഷ് നാരായണന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിൽ മമ്മൂട്ടി പങ്കെടുക്കുമെന്നാണ് വിവരം.
ആന്റോ ജോസഫിന്റെ സന്തോഷവാർത്തയ്‌ക്ക് പിന്നാലെ, മലയാള സിനിമയിലെ പ്രമുഖരും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായി എത്തിയിരുന്നു.
“എക്കാലത്തെയും വലിയ വാർത്ത” എന്നാണ് നടി മാല പാർവതി പ്രതികരിച്ചത്. സംവിധായകൻ കണ്ണൻ താമരകുളം എഴുതിയത്: “ഇത്രയും പേരുടെ പ്രാർത്ഥന ദൈവം കേൾക്കാതെ പോകില്ലല്ലോ.”
മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് അടുത്തിടെ അനന്തരവനും നടനുമായ അഷ്‌കർ സൗദാനും സന്തോഷവാർത്ത പങ്കുവെച്ചിരുന്നു. “അദ്ദേഹം സന്തോഷത്തോടെയാണ് കഴിയുന്നത്, ആരോഗ്യവും മെച്ചപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ വിശ്രമത്തിലാണ്. സെപ്റ്റംബർ ഏഴിന് പിറന്നാൾ ആഘോഷിക്കുമ്പോഴേക്കും അദ്ദേഹം തിരിച്ചുവരും” എന്നാണ് അഷ്‌കർ പറഞ്ഞത്.
ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക ആണ് മമ്മൂട്ടിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. വരാനിരിക്കുന്ന പദ്ധതികളിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രവും, ജിതിൻ കെ ജോസിന്റെ കളങ്കാവൽ സിനിമയും ഉൾപ്പെടുന്നു.
മഹേഷ് നാരായണന്റെ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും അഭിനയിക്കുന്നു. കളങ്കാവലിൽ വിനായകനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.
Summary: After a short break, legendary actor Mammootty is making a grand comeback to the film industry. Social media posts by producer S. George and others have sparked excitement among fans and fellow stars.