അനില സി എസ്
കൊച്ചി: ആശാന്റെ പിള്ളേര്‍ ആശാന് വേണ്ടി പൊരുതി നേടിയ വിജയം. ആര്‍ത്തിരമ്പുന്ന മഞ്ഞകടലിനെ സാക്ഷിയാക്കി കഴിഞ്ഞ വര്‍ഷത്തെ കണക്ക് ബ്ലാസ്റ്റേഴ്സ് വീട്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിവാദത്തിനും അതെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കുമുള്ള ചെറിയൊരു പ്രഹരം. ചിര വൈരികളായ ബെംഗളുരുവിനോടുള്ള പകയ്ക്ക് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം. ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. എങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കിയില്ല. കാരണം ബെംഗളുരുവിന്റെ തോല്‍വിക്കായി അവര്‍ കാത്തിരിക്കുകയായിരുന്നു. മഴയിലും ചോരാത്ത ആവേശവുമായി ആരാധകര്‍ ഒപ്പമുള്ളപ്പോള്‍ വിജയം കൊയ്യാന്‍ ബ്ലാസ്റ്റേഴ്സിനു മറ്റെന്തു വേണം.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമനെ ബംഗളുരുവിന്റെ രോഹിത് കുമാര്‍ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് ആദ്യ ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ അത് പാഴായി. ജാപ്പനീസ് താരം ഡെയ്സുകെ സകായെ ബെംഗളൂരുവിന്റെ ജെസ്സല്‍ ഫൗള്‍ ചെയ്തു. തുടര്‍ന്ന് പെനാല്‍റ്റിക്കായി ബ്ലാസ്റ്റേഴ്സ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.ഡെയ്സുകെയെ ഫൗള്‍ ചെയ്തതിന് ജെസ്സലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. കളിയുടെ 52-ാം മിനിറ്റില്‍ ബംഗളുരുവിനു പറ്റിയൊരു പിഴവില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്ക് തടയുന്നതിനിടെ നെതര്‍ലന്‍ഡ്സ് പ്രതിരോധ താരം കെസിയ വീന്‍ഡോര്‍പിന്റെ ശരീരത്തില്‍ തട്ടിയ പന്ത് ലക്ഷ്യത്തിലേക്ക് കുതിച്ചു. ഗാലറിയില്‍ മഞ്ഞ കടല്‍ ആര്‍ത്തിരമ്പി. കേരളാ ബ്ലാസ്റ്റേഴ്സിനു ഒരു ഗോള്‍. എന്നാല്‍ ബെംഗളൂരു ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍. മഞ്ഞപടയുടെ നായകന്‍ അഡ്രിയന്‍ ലൂണയുടെ കളികളില്‍ 69-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും വല കുലുക്കി.
ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ ബംഗളുരുവിനെ വീണ്ടും സമ്മര്‍ദത്തിലാക്കി. നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബെംഗളൂരു ആദ്യ ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ ബെംഗളൂരുവിന്റെ യുകെ ഫോര്‍വേഡ് കുര്‍ട്ടിസ് മെയ്നാണ് ഗോള്‍ വേട്ട നടത്തിയത്. തുടര്‍ന്ന് അധിക സമയത്ത് അടുത്ത ഗോള്‍ പായിക്കാനായി ബംഗളുരുവിന്റെ ശ്രമങ്ങള്‍ നടന്നെങ്കിലും അവയെല്ലാം പാളി പോയി.
ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തില്‍ ആരാധകരെ നിരാശരാക്കാതെ കേരളത്തിന്റെ മഞ്ഞപ്പട വിജയം കൊയ്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിവാദങ്ങള്‍ക്കുള്ള പ്രതികാരം അവര്‍ നടത്തിയിരിക്കുന്നു. ഇതൊരു തുടക്കം മാത്രം. കരുത്തനായ കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ ചുണക്കുട്ടികള്‍ ഇക്കുറി കപ്പുയര്‍ത്തുമെന്ന വിശ്വാസത്തിലാണ്ആരാധകര്‍.
Read Also: വീണ്ടും ചൈനീസ് ചാരകപ്പൽ ഇന്ത്യൻ സമുദ്രത്തിലേയ്ക്ക്. തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകി ശ്രീലങ്ക.