സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടിൽ നാലുകോടി 80 ലക്ഷം രൂപയാണ് ഉള്ളത്. ഒരു കോടി രൂപ ഈ അക്കൗണ്ടില്‍ നിന്നും ഈ മാസം പിന്‍വലിച്ചിരുന്നു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. അക്കൗണ്ട് മറച്ചുവച്ചതാണെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനടക്കം നല്‍കിയ രേഖകളില്‍ അക്കൗണ്ടിന്‍റെ വിവരം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.