അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളികൾക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്ന് പേരും മലയാളികളാണ്. റിസ്‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നിവർക്കൊപ്പം അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലി (46)യും സമ്മാനം നേടി.
വിജയികൾക്ക് 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് സമ്മാനമായി ലഭിച്ചത്. ഇതിനൊപ്പം ഈ മാസത്തെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്‌വാൻ കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്ന ആളാണ്. സുഹൃത്തുക്കളുമായി ചേർന്നാണ് എപ്പോഴും ടിക്കറ്റ് എടുക്കുന്നതെന്നും, യൂട്യൂബ് ലൈവിലൂടെ വിജയവിവരം അറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സമ്മാനം തന്റെ മകൾക്ക് സമർപ്പിക്കുന്നുവെന്നും റിസ്‌വാൻ വ്യക്തമാക്കി.
വീട്ടമ്മയായ നാജിയ നസ്രീൻ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ചു വരികയാണ്. ഇത്തവണ പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. “കഠിനാധ്വാനത്തിന് ഫലം ലഭിച്ചു; ഇനിയും ബിഗ് ടിക്കറ്റിൽ പങ്കെടുക്കും,” എന്നാണ് നാജിയയുടെ പ്രതികരണം. മക്കളുടെ ഭാവിക്കായി സമ്മാനത്തുക ഉപയോഗിക്കാനാണ് തീരുമാനം.
ദുബായിൽ ഹോട്ടൽ ജീവനക്കാരനായ ജംഷാദ് മഠണത്ത് പത്ത് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. വിജയവാർത്ത ആദ്യം പ്രമോഷൻ കോൾ ആണെന്ന് കരുതിയെങ്കിലും പിന്നീട് അത് വലിയ സർപ്രൈസായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക ഉപയോഗിക്കുന്ന കാര്യത്തിൽ കുടുംബം തീരുമാനമെടുക്കുമെന്ന് ജംഷാദ് പറഞ്ഞു.
അൽ ഐനിൽ താമസിക്കുന്ന ഷഫിയുല്ല സാന്താലി കഴിഞ്ഞ ഒരു വർഷമായി ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുന്നയാളാണ്. വിജയവാർത്ത ലഭിക്കുമ്പോൾ മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷമാണ് വിജയവിവരം സ്ഥിരീകരിച്ചതെന്നും, സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ഈ പദ്ധതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Three Malayalis were among the winners in the Abu Dhabi Big Ticket weekly draw, receiving 24-carat gold biscuits. The event also announced a grand prize of AED 25 million (around ₹63 crore). Winners shared emotional reactions, highlighting persistence and group participation.
abu-dhabi-big-ticket-malayali-winners-63-crore-prize
Abu Dhabi Big Ticket, Malayali Winners, UAE Lottery, Gold Prize, 63 Crore Prize, NRI News, Lucky Draw









