മലപ്പുറം: മലപ്പുറം എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദനത്തിന് ഇരയാക്കി മൂന്നംഗ സംഘം. അക്രമിസംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കുറ്റിപ്പാല സ്വദേശിയായ 18കാരന് മർദനമേറ്റ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേർ പോലീസ് പിടിയിലായി. പൊന്നാനി സ്വദേശി മുബഷിർ (19, മുഹമദ് യാസിർ(18) എന്നിവരും, 17 വയസുകാരനുമാണ് പിടിയിലായത്.
18കാരനോട് അക്രമി സംഘം സഹപാഠിയായ വിദ്യാർത്ഥിയുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. നമ്പർ തന്റെ പക്കൽ ഇല്ലെന്നു പറഞ്ഞതോടെ, അക്രമിസംഘം കയ്യിൽ കരുതിയ വടിവാൾ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപ്പെട്ട വിദ്യാർത്ഥിയെ പിന്തുടർന്നെത്തിയ സംഘം ബൈക്കിൽ കയറ്റി പൊന്നാനി ഭാഗത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. സംഭവം നേരിൽ കണ്ട കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
വടിവാളും കയ്യിൽ പിടിച്ച് യുവാവിനെ ബൈക്കിൽ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവരം ലഭിച്ചയുടൻ തന്നെ പോലീസ് സംഘം പിന്തുടർന്ന് എത്തിയതോടെ യുവാവിനെ ഇവർ വഴിയിലിറക്കി വിടുകയായിരുന്നു.