ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും മക്കളെയും രക്ഷപ്പെടുത്തി യുവാവ്. കാരിക്കോട് മൂത്തേടത്ത് അനൂപ് സോമന്‍ ആണ് ഇവരെ രക്ഷപ്പെടുത്തിയത്. കാഞ്ഞിരമറ്റം അമ്പലംകടവ് ചാലിക്കടവില്‍ കുളിക്കാനെത്തിയ അനൂപ് സമീപത്തെ കടവില്‍ കുളിക്കുകയായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയായ പിതാവിനെയും മക്കളെയും കാണുകയും ഇവരുടെ നായ വെള്ളത്തില്‍ നീന്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. (A young man rescued a father and his children who were swept away in Thodupuzhayat)
തുടര്‍ന്ന് ഭാര്യയുമൊപ്പം കടവില്‍ തുണി അലക്കാന്‍ ഇറങ്ങിയപ്പോള്‍ പിതാവും മക്കളും ഒഴുക്കില്‍പ്പെടുന്നത് കാണുകയായിരുന്നു. പിതാവും മക്കളും തമ്മില്‍ അകലവുമുണ്ടായിരുന്നു. വെള്ളത്തിലേക്ക് തുണിയിട്ടുകൊടുത്ത് രക്ഷപ്പെടുത്താമെന്നാണ് ആദ്യം കരുതിയതെങ്കിലും കുട്ടികള്‍ അതില്‍ പിടിക്കുമോയെന്ന് സംശയം തോന്നിയ അനൂപ് വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
മുതിര്‍ന്ന കുട്ടിയെ മാത്രമാണ് ആദ്യം കണ്ടത് മുടിയില്‍ പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന ഇളയകുട്ടി അനൂപിന്റെ കൈയില്‍ പിടിച്ചു. മുതിര്‍ന്നകുട്ടിയെ കരക്ക് എത്തിച്ചശേഷം രണ്ടാമത്തെകുട്ടിയെയും അനൂപ് വെള്ളത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
പിതാവ് ഒപ്പമുണ്ടായിരുന്ന നായയുടെ ദേഹത്ത് പിടിച്ചിരുന്നു. പിതാവും നായയും പിന്നാലെ കയറിവന്നുവെന്ന് അനൂപ് പറഞ്ഞു. മൂവരും ഏകദേശം 40 മീറ്ററോളം ഒഴുക്കില്‍പ്പെട്ടുനീങ്ങിയെന്നും കുട്ടികള്‍ അവശരായിരുന്നുവെന്നും മഴയില്ലായിരുന്നെങ്കിലും നല്ല വെള്ളവും ഒഴുക്കുമുണ്ടായിരുന്നുവെന്നും അനൂപ് പറഞ്ഞു. കുളിക്കുന്നതിനിടെ കുട്ടികള്‍ കാല്‍വഴുതി ആറിലേക്ക് വീഴുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.