കുട്ടിക്കാനം: പുതുവത്സരാഘോഷത്തിനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് (29) മരിച്ചത്. കുട്ടിക്കാനം കോക്കാട്ട് ഹിൽസിൽ ഇന്നലെ രാത്രി 10.30-ഓടെയായിരുന്നു അപകടം.
കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു ഫൈസലും ഇരുപതിലേറെ സുഹൃത്തുക്കളുമടങ്ങുന്ന സംഘവും. വാഹനം നിർത്തി യുവാക്കൾ പുറത്തിറങ്ങിയ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ഫൈസലുമായി കാർ 350 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
പോലീസും ഫയർഫോഴ്സുമെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ യുവാവിനെ കണ്ടെത്താനായില്ല. പിന്നീട് ബുധനാഴ്ച പുലർച്ചെ രാവിലെ സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് 350 അടി താഴ്ചയിൽ നിന്ന് ഫൈസലിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.
കാറിൽ നിന്ന് തെറിച്ചുവീണ് തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.