വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും അപകടം; യുവാവ് ട്രെയിൻ തട്ടി മരിച്ചു
കാസർകോട്: പ്രശസ്ത റാപ്പർ വേടന്റെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശിയായ ശിവാനന്ദൻ (20) ആണ് മരിച്ചത്.
കാസർകോട് ജില്ലയിലെ ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയായിരുന്നു ദാരുണ സംഭവം. പരിപാടി നടക്കുന്നതിനിടെ നിയന്ത്രണം വിട്ട തിരക്കിനിടയിൽ റെയിൽവേ പാളം മറികടക്കാൻ ശ്രമിച്ചപ്പോഴാണ് യുവാവ് ട്രെയിനിടിച്ച് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
വേടന്റെ പ്രകടനം ആരംഭിച്ചതോടെ വേദിയോട് ചേർന്ന പ്രദേശത്തും പരിസരങ്ങളിലും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
സംഘാടകർ കണക്കാക്കിയതിലും ഏറെ ആളുകൾ പരിപാടിക്കെത്തിയതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ താളം തെറ്റിയത്.
ഏകദേശം 25,000 പേർ പരിപാടിയിൽ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്. ഇതിൽ വലിയൊരു വിഭാഗം ആളുകൾ ടിക്കറ്റില്ലാതെയും പരിപാടി കാണാനെത്തിയതായി പൊലീസ് വ്യക്തമാക്കി.
തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ കുട്ടികളുമുണ്ടെന്നാണ് പ്രാഥമിക വിവരം. ചിലർ വീണ് പരുക്കേറ്റതായും ചിലർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആശുപത്രി വൃത്തങ്ങൾ പരുക്കേറ്റവരിൽ ഭൂരിഭാഗത്തിന്റെയും നില ഗുരുതരമല്ലെന്ന് അറിയിച്ചു.
അപകടം നടന്നതിന് പിന്നാലെ പ്രദേശത്ത് വലിയ ആശങ്കയും പരിഭ്രാന്തിയും ഉണ്ടായി. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന് വിലയിരുത്തിയ പൊലീസ് ഉടൻ ഇടപെടുകയും പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും അപകടം; യുവാവ് ട്രെയിൻ തട്ടി മരിച്ചു
വേദിയിലേക്കും പരിസരങ്ങളിലേക്കും ആളുകൾ എത്തുന്നത് തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ബേക്കൽ ബീച്ച് പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. അപകടത്തിൽ മരിച്ച ശിവാനന്ദന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയുണ്ടോയെന്നും സംഘാടകരുടെ ഭാഗത്ത് അലംഭാവമുണ്ടായിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.









