മലപ്പുറത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. മലപ്പുറത്ത് സ്ത്രീ കൊല്ലപ്പെട്ടു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്.
എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. കല്യാണിയുടെ വീടിന് സമീപത്തുവച്ചാണ് ആക്രമണം നടന്നത്.
വീട്ടിലേക്കുള്ള വെള്ളം ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണു നിഗമനം.
മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം
അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന് നേരെയാണ് കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം നടന്നത്. സ്കൂളിന്റെ ജനൽ ചില്ലുകൾ തകർത്ത ശേഷം സ്റ്റോർ റൂമിന്‍റെ ഭിത്തി തകർക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്താക്കുകയും ചെയതു.
ആകെമൂന്ന് ആനകളാണ് പ്രദേശത്ത് നാശം വിതച്ചത്. 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങളാണ് കാട്ടാനകൾ പൂർണമായും നശിപ്പിച്ചത്. പ്രഥമാധ്യാപകന്‍റെ ക്വാർട്ടേഴ്‌സിനും കേടുപാടുവരുത്തി. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തി.
നേരത്തെയും ഇതേ സ്കൂളിനു നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. പടയപ്പയെന്ന കാട്ടാനയും ശല്യം തുടരുന്നുണ്ട്. ചെണ്ടുവര ഈസ്റ്റ് ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്.
ഒരൊറ്റ ചവിട്ട്; മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ച് കാട്ടാന
മൂന്നാർ : മൂന്നാറിൽ കാട്ടാന ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്താണ് സംഭവം.
വിദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്.
കാർ റോഡിൽ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.
Summary: A woman was killed in a wild elephant attack in Malappuram. The deceased has been identified as Kalyani (68), wife of Chandran, from Kavillatti, Keezhakke Chathalloor. The incident took place at Edavanna, Keezhakke Chathalloor.