ആലപ്പുഴ: പള്ളിയിലെ കൈക്കാരന്മാരായി സാധാരണ തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി ഇവിടെ തുടർന്ന് പോരുന്ന രീതിയും ഇത് തന്നെയായിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ചരിത്രത്തിൽ തന്നെ ഇടം പിടിച്ചേക്കാവുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് പൂങ്കാവ് ഇടവക.
പൂങ്കാവ് ഔവർ ലേഡി ഓഫ് അസെംപ്ഷൻ പള്ളിയിലെ മൂന്നുകൈക്കാരൻമാരിൽ ഒരാൾ വനിതയാണ്. പള്ളിയിൽ പുതിയ കൈക്കാരൻമാരെ തെരഞ്ഞെടുക്കുന്ന ചടങ്ങിലാണ് രണ്ട് പുരുഷന്മാർക്കൊപ്പം ഒരു വനിതയും ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പൂങ്കാവ് വടക്കൻ പറമ്പ് വീട്ടിൽ സുജാ അനിൽ (39) ആണ് പള്ളിയിൽ ചുമതലയേറ്റ വനിത.
കെഎൽസി ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിലെ മുൻ ജനപ്രതിനിധിയുമാണ് സുജാ അനിൽ. പള്ളിക്കത്തയ്യിൽ എൻ ഡി സെബാസ്റ്റ്യൻ, പള്ളിപ്പറമ്പിൽ മനോജ് എന്നീ രണ്ട് കൈക്കാരൻമാർക്കൊപ്പമാണ് സുജയും സത്യപ്രതിജ്ഞ ചെയ്തത്.
പള്ളി വികാരിയായ ഫാ. സേവ്യർ ചിറമേലാണ് കൈക്കാരരുടെ സ്ഥാനത്തേക്ക് വനിതയെക്കൂടി തെരഞ്ഞെടുക്കണമെന്ന് അജപാലകസമിതിയോട് പറഞ്ഞത്. അജപാലകസമിതിയുടെ ഈ തീരുമാനത്തിന് രണ്ടാഴ്ച മുൻപ് കൊച്ചി രൂപതയിൽ നിന്നും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പള്ളിയുടെ സാമ്പത്തികകാര്യങ്ങളിലും സ്ഥാവരജംഗമ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വികാരിയച്ചനെ സഹായിക്കുകയെന്നതാണ് പള്ളി കൈക്കാരുടെ ജോലി. ലാഭേച്ഛ കൂടാതെ സേവനമായി ചെയ്യേണ്ട ഈ ചുമതല പള്ളികളിൽ രണ്ടുവർഷത്തേക്കാണ് ലഭിക്കുക. പള്ളിയിലെ 24 അംഗ അജപാലകസമിതിയിൽ മറ്റ് മൂന്ന് സ്ത്രീകളുമുണ്ട്.