മലയാളികളായ കോട്ടയം സ്വദേശിദമ്പതികളെയും വനിതാ സുഹൃത്തിനെയും അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. സാത്താന്‍ സേവാ ഗ്രൂപ്പുകളുമായി നവീന് അടുത്ത ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതിന്റെ ചുവടുപിടിച്ച് തിരുവനന്തപുരത്തെ സാത്താന്‍ സേവക്കാരിലേക്ക് അന്വേഷണം എത്തുമെന്നാണ് സൂചന. മരിച്ചവർ ബ്ലാക് മാജിക് സംഘത്തിൻ്റെ കെണിയിൽപെട്ടിട്ടുണ്ടെന്ന് മരിച്ച ദേവിയുടെ ബന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാത്താന്‍ സേവ സംശയിക്കാന്‍ പോന്ന കാരണങ്ങള്‍ മരണത്തിലുണ്ടെന്ന് അരുണാചല്‍ പോലീസും അറിയിച്ചു. ഈ സാഹചര്യത്തിലാണ് അരുണാചൽ പോലീസ് കേരളാ പോലീസുമായും ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ തയ്യാറെടുക്കുന്നത്.
ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ തോമസ്, ഭാര്യ ദേവി, വട്ടിയൂര്‍ക്കാവ് സ്വദേശി അധ്യാപിക ആര്യ ബി.നായര്‍ എന്നിവരുടെ മൃതദേഹങ്ങൾ അരുണാചൽ പ്രദേശിലെ സിറോയിൽ ഹോട്ടൽമുറിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടെത്തിയത്. ദേഹമാസകലം വരഞ്ഞുമുറിച്ച നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്ട്യാ ദുരൂഹതയുളവാക്കിയ മരണത്തിൻ്റെ അന്വേഷണം തിരുവനന്തപുരത്തേക്കും നീളുകയാണ്. അരുണാചലില്‍ നിന്നുള്ള സൂചനകള്‍ വിരല്‍ ചൂണ്ടുന്നതും സാത്താന്‍ സേവക്കാരിലേക്കാണ്.
മൂന്നുപേരുടെയും മൃതദേഹം കൈത്തണ്ട മുറിച്ചനിലയിലാണ് അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. രണ്ടു യുവതികളില്‍ ആര്യയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആര്യ രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നിരുന്നു എന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത്. മരണാനന്തര ജീവിതത്തില്‍ മൂവർസംഘം വിശ്വസിച്ചിരുന്നതായും അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. മരിച്ചവര്‍ അവസാനമായി ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പും വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.
നവീനും ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
നവീനും ദേവിയും ആര്യയും ഇവരുടെ സംഘത്തിന് പുറത്ത് ആരുമായും അധികം ഇടപെടാത്ത പ്രകൃതമായിരുന്നു. എന്നാല്‍ ചില അജ്ഞാത ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പുനര്‍ജ്ജനിയെന്നൊരു ഗ്രൂപ്പിനെ ചുറ്റിപ്പറ്റി ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. മരിച്ചവരുടെ ഫോണ്‍ പരിശോധനയില്‍ ഇത് തെളിയുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. നവീന്റെ സാത്താന്‍ സേവയെ ഭാര്യ ദേവിയും പിന്തുണച്ചിരുന്നു എന്നാണ് ആര്യയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആരോപണം. അന്വേഷണം തിരുവനന്തപുരത്തേക്കു കൂടി നീളുന്നതോടെ സംഭവത്തിന്റെ ചുരുളഴിയുമെന്ന വിശ്വാസത്തിലാണ് എല്ലാവരും.