ചാലക്കുടിയിൽ പുലിയുടേതിന് സമാനമായ ജീവി നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഭീതിയിൽ ജനം. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിനോടുചേർന്ന ഭാഗത്തുകൂടി പുലി നടന്നുനീങ്ങുന്ന ദൃശ്യമാണ് പുറത്തു വന്നത്. പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു.
24-ാം തീയതി പുലർച്ചെയാണ് ഈ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് കണ്ണമ്പുഴ ക്ഷേത്രം റോഡിൽ താമസിക്കുന്ന അയനിക്കാട്ട് മഠം രാമനാഥൻ എന്നയാളുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന മൃഗത്തിന്റെ ദൃശ്യം പതിഞ്ഞത്. രാമനാഥനും ഭാര്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്.
ഇവരുടെ വിദേശത്തുള്ള മകൻ ബുധനാഴ്ച രാവിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോൺ ആപ്പ് വഴി കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇദ്ദേഹം അവ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യം ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു.
പ്രദേശത്ത് തെരുവ് നായ്ക്കൾ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ഇത് പുലി പിടിച്ചതാണോ എന്നാണു സംശയം.നേരത്തേ കൊരട്ടിയിൽ കണ്ട പുലി തന്നെയാവാം ഇതെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ക്യാമറയിൽ കണ്ടത് പുലിയെത്തന്നെയാണെന്ന് സ്ഥിരീകരിച്ചു.