തിരുവനന്തപുരം വിഴിഞ്ഞത്ത് ആളുകളെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ
വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞം മേഖലയിൽ തെരുവുനായയുടെ ആക്രമണം വ്യാപക പരിഭ്രാന്തി സൃഷ്ടിച്ചു.
ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്കാണ് നായയുടെ കടിയേറ്റത്.
കോസ്റ്റൽ പോലീസിലെ കോസ്റ്റൽ വാർഡൻ, മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നത്.
കടിയേറ്റവർ പറയുന്നതനുസരിച്ച് ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധയുണ്ടാകാമെന്ന സംശയവും ശക്തമാണ്.
രാവിലെ ഒൻപതരയോടെയാണ് കല്ലുവെട്ടാൻകുഴി അർച്ചനാ ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന മൗസിയയുടെ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളിൽ ഒരാളായ അസിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.
വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ നായ കുട്ടിയുടെ ഇടതുകൈയിലും കാലിലും ആഴത്തിലുള്ള മുറിവേൽപ്പിച്ചു.
മാംസം തൂങ്ങിയ നിലയിലായതിനാൽ കുട്ടിയെ അടിയന്തരമായി വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
ഇതേ പ്രദേശത്ത് താമസിക്കുന്ന ഏഴുവയസ്സുകാരനായ ആദിൽ മുഹമ്മദിനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയുടെ വലതു കാലിലും തുടയിലുമാണ് കടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന അസിയയുടെ സഹോദരൻ ഓടിപ്പോയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
രാവിലെ 11.30ഓടെ വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് (35) ഇടതുകാലിൽ നായയുടെ കടിയേറ്റു.
തിരുവനന്തപുരം വിഴിഞ്ഞത്ത് ആളുകളെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ
തുടർന്ന് ഓടിപ്പോയ നായ വിഴിഞ്ഞം ഹാർബർ റോഡിലെത്തി. അവിടെ വീട്ടുമുറ്റത്ത് നിന്നിരുന്ന അസികയ്ക്ക് (18) വലതുകാലിൽ നായ കടിച്ചുതൂങ്ങി. വീട്ടുകാർ ഇടപെട്ടതോടെയാണ് നായ പിടിവിട്ടത്.
ഇതേ നായ മീൻപിടിത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൈദീൻ പിരുമുഹമ്മദിന്റെ (37) ഇടതുകൈയിലെ നടുവിരലിലും കടിച്ചു. കടിയേറ്റ ഭാഗത്തെ മാംസം അടർന്നുപോയി.
മീൻപിടിത്തത്തിനുശേഷം വീട്ടിലെ ഷെഡിൽ ഉറങ്ങുകയായിരുന്ന ഹസനാർ (60) കാലിലും കൈയിലും കടിയേറ്റു. സമീപവാസിയായ ഇൻസമാം ഹക്കിന് (31) ഇടതുതുടയിലും പരിക്കേറ്റു.
തുടർന്ന് നായ വിഴിഞ്ഞം ഹാർബർ റോഡിലൂടെ നടന്നു വരികയായിരുന്ന അബുഷൗക്കത്ത്ഖാനെ (56) വലതുകാലിൽ കടിച്ചു.
പരിക്കേറ്റ എല്ലാവരും വിഴിഞ്ഞം ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
കല്ലുവെട്ടാൻകുഴി, ഹാർബർ റോഡ് തുടങ്ങിയ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തരമായി നായകളെ പിടികൂടി മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭയുടെ ആരോഗ്യ വിഭാഗം അടിയന്തര നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.









