കോട്ടയം അതിരമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
ഏറ്റുമാനൂർ ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് അപ്രതീക്ഷിതമായി തീപിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയ കാറ്ററിങ് ജീവനക്കാരനായ കോതമംഗലം സ്വദേശിയായ ഫസൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്.
ഇന്ന് രാവിലെ 9.15ഓടെയാണ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി ഗ്രൗണ്ടിനു സമീപം അപകടം നടന്നത്.
യാത്രയ്ക്കിടെ സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് സ്കൂട്ടറിന് തീപിടിച്ചത്.
നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും വാഹനത്തിന്റെ മുൻഭാഗം പൂർണമായി കത്തിനശിക്കുകയും ചെയ്തു.
സംഭവം കണ്ട് ഉടൻ തന്നെ ഓടിയെത്തിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ എസ്.പി.സി ഇൻസ്ട്രക്ടറുമായ സേവ്യർ ജോസഫിന്റെ അവസരോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായത്.
തീ പടരുന്നതിന് മുൻപ് സ്കൂട്ടർ യാത്രികരെ സുരക്ഷിതമായി മാറ്റുകയും, ചുറ്റുമുണ്ടായിരുന്നവർക്ക് സഹായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫും സ്കൂളിലെ വിദ്യാർത്ഥികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. കുറച്ചുസമയത്തിനകം തന്നെ തീ പൂർണമായി അണച്ചെങ്കിലും സ്കൂട്ടർ പൂർണമായും കത്തിനശിച്ചിരുന്നു.
സംഭവത്തിൽ യാത്രികർക്കു പരിക്കുകളൊന്നും ഉണ്ടായില്ല. സ്കൂട്ടറിന് തീപിടിക്കാനിടയായ കാരണം സാങ്കേതിക തകരാറോ ഇന്ധന ചോർച്ചയോ ആകാമെന്നാണ് പ്രാഥമിക നിഗമനം.









