പാറശ്ശാല: വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന പക വീട്ടാൻ പൊലീസുകാരൻ ആശ്രയിച്ചത് നഗരത്തിലെ പ്രമുഖ ഗുണ്ടയെ. പെയിന്റിങ് തൊഴിലാളിക്കെതിരെ ക്വട്ടേഷന് സഹായവുമായി അഭിഭാഷകനും. ചെങ്കലിൽ മൂന്നാഴ്ച മുമ്പ് യുവാവിനെ ഗുണ്ടാസംഘം ആക്രമിച്ച കേസിലെ അന്വേഷണമാണ് പൊലീസും അഭിഭാഷകനും ചേർന്നുനൽകിയ ക്വട്ടേഷനാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞമാസം 19ന് പെയിന്റിങ് തൊഴിലാളിയായ സജു ജോലികഴിഞ്ഞുമടങ്ങവെ ഗുണ്ടാത്തലവനായ ആട് സജിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അന്വേഷണത്തിൽ ക്വട്ടേഷൻ നൽകിയതായി കണ്ടെത്തിയ എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ പി. ബൈജുവിനെ ഒന്നാംപ്രതിയാക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തും വ്ലാത്താങ്കര സ്വദേശിയുമായ അഭിഭാഷകൻ അഖിലിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.
സജിയുടെ ചെങ്കലിലെ സാന്നിധ്യം കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അഖിൽ ആട് സജിയെ സജു ജോലിചെയ്യുന്ന സ്ഥലത്ത് ബൈക്കിലെത്തിച്ച് കാണിച്ചുകൊടുത്തശേഷമാണ് ആക്രമണം. ഇരുവരും ബൈക്കിൽ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻകൂറായി 25,000 രൂപ ബൈജു കൈമാറിയതിന്റെ രേഖകളും പൊലീസിനുലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ പാറശ്ശാല പൊലീസ് കഴിഞ്ഞദിവസം പിടികൂടി. തിരുവല്ലം പാലറകുന്നുവീട്ടിൽ ആട് സജി എന്ന സജി(42), ചെങ്കൽ കടുക്കറവീട്ടിൽ അജി(37), മാരായമുട്ടം കടവൻകോട് കോളനിയിൽ സുജിത്ത്(36), പെരുമ്പഴുതൂർ കടവൻകോട് കോളനിയിൽ രവി(45) എന്നിവരെയാണ് പാറശ്ശാല പൊലീസ് പിടികൂടിയത്.
ചെങ്കൽ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ സജുവും പൊലീസ് ഉദ്യോഗസ്ഥനായ ബൈജുവും തമ്മിൽ ശത്രുതയിലാണ്. പലതവണ ഇരുവരും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. സജുവിന്റെ പരാതിയിൽ അക്രമികളെത്തിയ വാഹന നമ്പർ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് ആട് സജി പിടിയിലായത്.
പാറശ്ശാല എസ്.എച്ച്.ഒ സജി എസ്.എസ്, എസ്.ഐമാരായ ഹർഷകുമാർ, വേലപ്പൻനായർ, അനന്തകുമാർ, സി.പി.ഒമാരായ സാജൻ, ഷാജൻ, ജോയി, രഞ്ജിത്ത്, അജു, വിപിൻ, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.