കനത്ത ചൂടിൽ ചെരിപ്പില്ലാതെ അല്പദൂരം നടന്ന യുവാവിന്റെ ഇരുകാലുകൾക്കും സാരമായി പൊള്ളലേറ്റു. കണ്ണൂർ ചെറുപുഴ തിരുമേനിയിൽ ആണ് സംഭവം. ബസിറങ്ങി റോഡിലൂടെ ചെരുപ്പിടാതെ ഷോപ്പിലേക്ക് നടന്ന തയ്യൽക്കട ഉടമ കരുവഞ്ചാൽ പള്ളിക്കവല സ്വദേശി എം ഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. ചെറുപുഴ തിരുമേനിയിൽ ടൈലറിംഗ് ഷോപ്പ് നടത്തുകയാണ് രാമചന്ദ്രൻ. ബസ്സിറങ്ങി നഗ്നപാദനായി 100 മീറ്ററോളം നടന്നപ്പോഴാണ് രാമചന്ദ്രന് സൂര്യാതപമേറ്റത്, കാൽപാദത്തിലെ കീഴ്ഭാഗത്തെ തൊലി മുഴുവൻ അടർന്നു പോയി. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പൊള്ളലേറ്റ ചർമം നീക്കി. ജില്ലയിൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം,സൂര്യാതപം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.