മലയാളത്തിൽ ഇത്തരമൊരു സിനിമ അപൂർവങ്ങളിൽ അപൂർവം; കുറ്റമറ്റ തിരക്കഥ, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ, പല അടരുകളിൽ അനുഭവവേദ്യമാവുന്ന കാഴ്ചാനുഭവം… കാണാതെ പോകരുത് കിഷ്‌കിന്ധാ കാണ്ഡം

എല്ലായിടത്തും മിഴിവോടെ എഴുതിയ ഒരു സിനിമ. ഒരു സിനിമയുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ പരസ്പരം മത്സരിക്കുന്ന തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും. A movie like this is rare in Malayalam

ആദ്യം മുതൽ അവസാനം വരെ ദുരൂഹതകൾ ഒളിപ്പിച്ചുവച്ച്, സസ്പെൻസ് നിറച്ച്, ഒടുവിൽ മനസ്സിനെ പിടിച്ചുകുലുക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരെ ലാൻഡ് ചെയ്യിക്കുന്ന ചിത്രമാണ് ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്‌കിന്ധാ കാണ്ഡം’.

നിന്ന നില്‍പ്പില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ അവതരിപ്പിച്ച വിജയരാഘവന്‍, അതേ സ്‌കെയിലില്‍ പകരം നല്‍കി ആസിഫലിയും അപര്‍ണ ബാലമുരളിയും. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലും രൂപത്തിലും ജഗദീഷ്, ഇവരോടൊപ്പം അശോകനും- കിഷ്‌കിന്ധാകാണ്ഡം പേരുപോലെ അത്ഭുതപ്പെടുത്തും സിനിമ.

പെർഫോമൻസു കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് വിജയരാഘവനായിരുന്നു. അപ്പുപിള്ളയെ വിജയരാഘവനോളം നന്നായി ചെയ്യാൻ മറ്റൊരു നടനുമാകില്ലെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. 

പലതരം വികാരങ്ങളുടെ ഒരു കൂമ്പാരമാണ് അപ്പുപിള്ളയും. ഓർമ്മയ്ക്കും മറവിക്കുമിടയിൽ അയാൾ ജീവിക്കുന്ന ജീവിതം പ്രേക്ഷകരിലും ഒരു വീർപ്പമുട്ടൽ ഉണ്ടാക്കുന്നുണ്ട്. തുടക്കത്തിൽ അയാളോട് പ്രേക്ഷകന് ഒരു മടുപ്പും മുഷിച്ചിലുമൊക്കെ തോന്നാം.

ഈ കാർന്നോര് എന്താ ഇങ്ങനെയെന്ന് പലയിടങ്ങളിലും മനസിൽ നമ്മളോർക്കും. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ അപ്പുപിള്ള എന്തുകൊണ്ടാണ് അങ്ങനെയൊക്കെ പെരുമാറിയതെന്ന് സംവിധായകൻ നമ്മുക്ക് കാണിച്ചു തരും. 

അതിൽ പ്രേക്ഷകന് അയാളോട് സ്നേഹവും സഹതാപവുമൊക്കെ തോന്നും. പല രം​ഗങ്ങളിലും വിജയരാഘവൻ അഭിനയത്തിന്റെ പീക്ക് ലെവലിൽ എത്തി നിൽക്കുന്നതും പ്രേക്ഷകന് കൺകുളിർക്കെ കാണാം.

വിജയരാഘവനൊപ്പം കട്ടയ്ക്ക് നിന്ന മറ്റൊരു നടനാണ് ആസിഫ് അലി. ഓരോ സിനിമ കഴിയുന്തോറും സ്വയം തേച്ചു മിനുക്കുകയാണ് ആസിഫ്. ഇമോഷണൽ രം​ഗങ്ങളിലൊക്കെ ആസിഫ് ചെയ്യുന്ന വോയ്സ് കൺ​ട്രോളിങ്ങിൽ പോലുമുണ്ടായിരുന്നു അയാളിലെ നടൻ. 

എത്ര പ്രശംസിച്ചാലും മതിയാകില്ല ആസിഫിനെ. അച്ഛനെ അനുസരിക്കുന്ന മകനായി വിങ്ങലുകളെല്ലാം ഉള്ളിലൊതുക്കേണ്ടി വരുന്ന അജയചന്ദ്രനായി ആദ്യാവസാനം വരെ ആസിഫ് ശരിക്കും ഞെട്ടിച്ചു.

ഞാനിവിടെ വെക്കേഷന് വന്നതല്ല അജയേട്ട, ഇവിടുത്തെ ആളുകളും പ്രശ്നങ്ങളുമൊക്കെ എന്റെയും കൂടെയാണെന്ന് അപർണ പറയുന്നിടത്തു തന്നെയുണ്ട് ആ കഥാപാത്രത്തിന്റെ ആഴം. സുമദത്തനായെത്തിയ ജ​ഗദീഷ്, അശോകൻ, നിഷാൻ തുടങ്ങിയവരും പ്രേക്ഷക മനം കീഴടക്കി. 

കിഷ്കിന്ധാ കാണ്ഡത്തിൽ മനുഷ്യർക്ക് മാത്രമല്ല പ്രകൃതിയ്ക്കും മൃ​ഗങ്ങൾക്കും എന്തിനേറെ കാലാവസ്ഥയ്ക്ക് വരെ റോളുണ്ട്. ചിത്രത്തിൽ കാണിക്കുന്ന മരങ്ങളും കുരങ്ങൻമാരുമെല്ലാം ഓരോ കഥാപാത്രങ്ങളാണ്. മനുഷ്യരെപ്പോലെ തന്നെ നന്നായി അഭിനയിച്ചിട്ടുണ്ട് കുരങ്ങൻമാരും.

പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് പുതിയ വഴിവെട്ടിയെത്തുകയാണ് കിഷ്‌കിന്ധാകാണ്ഡം. കുറ്റം എന്ന മാനുഷികമായ പ്രതിസന്ധി ലോക സിനിമ പലതരത്തില്‍, അല്ലെങ്കില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത തരത്തില്‍ ട്രീറ്റ് ചെയ്തിട്ടുണ്ട്. അത് ഹിച്ച്‌കോക് സിനിമകള്‍ ആയാലും ഷെര്‍ലോക് ഹോംസ് ആയാലും മെമ്മറീസ് ഓഫ് മര്‍ഡര്‍, ഓള്‍ഡ് ബോയ്, ദി ഇന്‍വിസിബിള്‍ ഗസ്റ്റ് മുതല്‍ ഇങ്ങ് നമ്മുടെ സിബിഐ ഡയറിക്കുറിപ്പായാലും കുറ്റങ്ങളെ ഒരു കണക്കിന് ആയിരക്കണക്കിന് പേര്‍സ്‌പെക്ടീവുകളിലൂടെ ലോക സിനിമകള്‍ ചുഴറ്റിക്കളിച്ചിട്ടുണ്ട്. 

ഒരു മോറലിസ്റ്റിക് സമൂഹം എന്നും സിനിമയിലൂടെ ആരാണ് കുറ്റവാളി എന്നു ചികഞ്ഞിട്ടുമുണ്ട്. അത്തരം സമൂഹങ്ങള്‍ക്കു ‘ഇതാ ഇവനാണ്/ഇവളാണ് കുറ്റവാളി’ എന്ന രീതിയില്‍ മനുഷ്യരെ എറിഞ്ഞു കൊടുത്തു ഒരു ഏയ്‌സ്തറ്റിക് ആയ പ്ലഷര്‍ കൊടുത്തിട്ടുമുണ്ട്. 

കുറ്റവാളികളെ വെളിവാക്കുന്ന മിസ്റ്ററി ത്രില്ലറുകള്‍ ക്രൈം സിനിമകളുടെ ഒരു ജോണര്‍ കൂടി ആണ്. പക്ഷേ, കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയില്‍ ആര് കുറ്റം ചെയ്തു എന്ന ഒരു പഴയ ചോദ്യത്തെ എടുത്തു ദൂരെ കളഞ്ഞു അവിടെ നിന്നും എലവേറ്റ് ചെയ്തു ക്രൈം എന്ന ഒരു ഡീഡിനെ അത്യന്തം വ്യത്യസ്തമായി മലയാള സിനിമയില്‍ പ്ലേസ് ചെയ്യുക എന്ന അതിഗംഭീരമായ പ്രൊസസിങ് ആണ് നടന്നത്.

 അത് പല തരത്തിലും ഡീ കന്‍സ്ട്രക്റ്റ് ചെയ്തു എടുക്കാവുന്ന ക്രൈം എന്ന പ്രതിസന്ധിയുടെ വ്യത്യസ്തമായ പ്ലേസ്‌മെന്റ് കൂടി ആണ്. ഇത് മലയാള സിനിമയില്‍ വളരെ അപൂര്‍വമായിട്ട് മാത്രമേ സംഭവിച്ചിട്ടുള്ളൂ. അത്രക്കു ഫിലോസഫിക്കല്‍ ആയി കുറ്റം/കുറ്റവാളിത്തം എന്നിവയെ ട്രീറ്റ് ചെയ്യുന്നതിലൂടെ ഈ സിനിമ അതിന്റെ കണ്ടന്റ്‌കൊണ്ട് ഒരു അന്താരാഷ്ട്ര നിലവാരം പോലും നേടിയെടുക്കുന്നുണ്ട്.

സ്വന്തം ജീവിതത്തില്‍ കുറ്റവാളിത്തം അന്വേഷിക്കുക എന്നത് ഒരു പക്ഷേ അങ്ങേ അറ്റം നരകതുല്യമായ അവസ്ഥ ആയിരിക്കാം. കുറ്റവാളിത്തത്തിന് ശേഷമുള്ള ഊര് വിലക്കുകള്‍, ഒറ്റപ്പെടലുകള്‍, തിരിച്ചു വരവുകള്‍ ഇവയൊക്കെ അതിലും ഭീകരമായ പ്രോസസിങ്ങുകളും ആയിരിക്കാം. 

അതിനു മനുഷ്യര്‍, ജയില്‍, മാനസാന്തരം, ഭ്രാന്ത്, ഏകാന്തത, ഡിപ്രഷന്‍ അങ്ങനെ ആയിരക്കണക്കിന് വ്യത്യസ്തമായ ഓപ്പറേഷന്‍ മോഡുകളെ തേടി പോവുകയും ചെയ്യുമായിരിക്കാം. കുറ്റം നടന്നുവോ? കുറ്റം നടത്തിയത് അവനവനാണോ? എന്നത് ഈ സിനിമയിലെ ഏറ്റവും മീസ്റ്റീരിയസ് ആയ ഒരു ചോദ്യം കൂടി ആണ്. 

ആരാണ് കുറ്റവാളി എന്ന സ്ഥിരം ചോദ്യത്തില്‍ നിന്നു വ്യത്യാസപ്പെട്ട് കൊണ്ടാണ് ഈ സിനിമയില്‍ രണ്ടു മണിക്കൂര്‍ നീളുന്ന ഇത്തരം സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത്. ഒരു പക്ഷേ നമ്മളെ കാണി ആയി സീറ്റ് എഡ്ജില്‍ ഇരുത്തുന്നത് കുറ്റം എന്ന സംഗതിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്ക് കൂടി ആണ്. ഒരു ക്രിമിനല്‍ ആയി കൊണ്ട് ഒരു മൊറാലിസ്റ്റിക് സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന അതീവ ഭീകരതയുടെ അണ്ടര്‍ ലെയറും ഈ സിനിമ പറയാതെ പറയുന്നുണ്ട്

വയനാട്- കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ കഥാപരിസരത്ത് വനം വകുപ്പും പൊലീസ് വകുപ്പും തണ്ടര്‍ബോള്‍ട്ടും റിട്ടയേര്‍ഡ് പട്ടാളക്കാരും നക്‌സല്‍ പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ത്താണ് കഥയൊരുക്കിയിരിക്കുന്നത്. 

പ്രമേയം കൊണ്ടും ആഖ്യാനംകൊണ്ടും കാഴ്ചപ്പാടുകൊണ്ടും നിര്‍മാണ രീതികൊണ്ടുമെല്ലാം അത്ഭുതപ്പെടുത്തുകയും ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന മലയാള സിനിമയ്ക്ക് ഒരു സംഭാവന കൂടി നല്‍കുകയാണ് കിഷ്‌കിന്ധാകാണ്ഡം.

സിനിമ സഞ്ചരിക്കുന്ന വഴികള്‍ പ്രേക്ഷകര്‍ക്ക് അത്ര പരിചിതമായിരിക്കണമെന്നില്ല. എന്നാല്‍ തപ്പിത്തടയാതെ ദിന്‍ജിത്തിനും ബാഹുല്‍ രമേഷിനുമൊപ്പം വിജയരാഘവന്റേയും ആസിഫലിയുടേയും അപര്‍ണയുടേയും കൂടെ പ്രേക്ഷകരും സഞ്ചരിക്കും. തിരുനെല്ലിയിലാണ് തങ്ങളുള്ളതെന്ന് പ്രേക്ഷകനും കരുതും.

ഒരു വലിയ വീടും അതിന്റെ പരിസരങ്ങളേയും അവിടുത്തെ ജീവിതങ്ങളേയും ചുറ്റി, മരങ്ങളിലെ താമസക്കാരായ കുരങ്ങന്മാരെ പോലെ സിനിമയും ഒരു കൊമ്പില്‍ നിന്ന് അടുത്ത കൊമ്പിലേക്ക് ചാടുന്നു.

തനിക്കു തന്നെ പിടികിട്ടാത്ത വിജയരാഘവന്‍ കഥാപാത്രം അപ്പുപ്പിള്ളയെ പോലെ സിനിമയും ആദ്യഘട്ടത്തിലൊന്നും പ്രേക്ഷകര്‍ക്ക് ഒരുപിടിയും കൊടുക്കുന്നില്ല. പതിഞ്ഞ താളത്തിലാണെങ്കിലും ‘കിഷ്‌കിന്ധ’യിലൂടെ പ്രേക്ഷകരെ കൂടെക്കൊണ്ടുപോവുന്നുണ്ട്. പ്രേക്ഷകര്‍ക്കെന്ന പോലെ കഥാപാത്രങ്ങള്‍ക്കും നടക്കുന്നതെന്താണെന്ന് അറിയുന്നില്ലെന്ന് തോന്നും.

പട്ടാളത്തില്‍ നിന്നും വിരമിച്ചെത്തിയ അച്ഛനും അയാളുടെ മക്കളില്‍ രണ്ടാമന്‍ അജയചന്ദ്രനുമുള്ള വീട്ടിലേക്ക് വിവാഹം കഴിച്ചെത്തുന്ന അപര്‍ണ ബാലമുരളിയുടെ അപര്‍ണയെന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. 

ചുറ്റും മരങ്ങളുമായി വലിയ പറമ്പില്‍ ഒറ്റക്കു നില്‍ക്കുന്ന ആ വീട്ടിന്റെ അതിരിനപ്പുറം റിസര്‍വ് ഫോറസ്റ്റാണ്. അപ്പുപിള്ളയുടെ മകന്‍ വനം വകുപ്പില്‍ ജീവനക്കാരനാണ്. അപ്പുപിള്ളയുടെ കടുംപിടുത്തവും സ്വഭാവവുമാണ് മൂത്തമകനെ അയാളില്‍ നിന്ന് അകറ്റിയത്. എങ്കിലും ചേട്ടനും അനിയനും നല്ല ബന്ധമാണ്, അപര്‍ണയെത്തിയപ്പോള്‍ അവളും ഭര്‍തൃ സഹോദരനോട് മികച്ച ബന്ധം സൂക്ഷിക്കുന്നു.

കല്ല്യാണം കഴിച്ചെത്തിയ വീട്ടിലേക്ക് ‘രണ്ടാഴ്ചത്തേക്ക് ടൂറിന്’ എത്തിയതല്ലെന്ന ബോധ്യമുള്ളതിനാല്‍ അപര്‍ണ അവിടെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ മറനീക്കാന്‍ അപര്‍ണ ‘ഷെര്‍ലെക്ക് ഹോംസ്’ കളിക്കുന്നുണ്ട്. ആ കളിയിലാണ് പ്രേക്ഷകന്‍ വീണു പോകുന്നതെങ്കിലും ഇപ്പുറത്ത് വേറെ കളികള്‍ കാഴ്ചക്കാര്‍ക്കായി എഴുത്തുകാരനും സംവിധായകനും ഒരുക്കിവെച്ചിട്ടുണ്ട്.

കക്ഷി അമ്മിണിപ്പിള്ളയെന്ന പേരുകൊണ്ടും പ്രമേയംകൊണ്ടും വ്യത്യസ്തമായ ആദ്യ സിനിമ പോലെ വീണ്ടും വിസ്മയിപ്പിക്കുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍. കൂടെ എഴുത്തുകാരനും ക്യാമറാമാനുമായി ബാഹുല്‍ രമേഷും.

ശ്വാസം പിടിച്ചിരുന്നു പോകുന്ന രണ്ടാം പകുതി അവസാനിച്ച് ടൈറ്റില്‍ തെളിയുമ്പോള്‍ കാഴ്ചക്കാരന്‍ അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെങ്കില്‍ അത് മേക്കിംഗിന്റെ മികവ്. ദീര്‍ഘനിശ്വാസമോ ആശ്വാസമോ പ്രകടിപ്പിച്ചല്ലാതെ ഒരു പ്രേക്ഷകനും തിയേറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങില്ല.

രാമായണത്തിലെ കിഷ്‌കിന്ധയുമായി സിനിമയ്ക്കുള്ള ആകെ ബന്ധം കുറച്ചു കുരങ്ങന്മാരുണ്ടെന്നതാണ്. മനുഷ്യരെ പോലെ ഈ കുരങ്ങുകളും തകര്‍ത്തഭിനയിച്ചിട്ടുണ്ട്.

ആദ്യ വിവാഹത്തിലെ ഭാര്യ കാന്‍സര്‍ ബാധിച്ച് മരിക്കുകയും ഏഴു വയസ്സുകാരന്‍ മകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ചെയ്തതാണ് ആ വീടിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത. മകനെ തേടി അയാളും ആദ്യ ഭാര്യയുടെ സഹോദരനും പോകാത്ത ഇടങ്ങളില്ല. അയാളിപ്പോഴും അവനെ അന്വേഷിക്കുന്നുണ്ട്, കൂടെ രണ്ടാം ഭാര്യ അപര്‍ണയും ചേരുന്നു.

പട്ടാളക്കാരനായ അച്ഛന്‍ അപ്പുപിള്ള ഓര്‍മയുടേയും മറവിയുടേയും ഇടയ്ക്കുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും അയാളത് ഒരിക്കലും സമ്മതിക്കുന്നില്ല. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ലൈസന്‍സുള്ള തോക്കുകള്‍ സറണ്ടര്‍ ചെയ്യണമെന്ന അറിയിപ്പ് കിട്ടിയപ്പോഴാണ് അച്ഛന്റെ തോക്ക് കാണാനില്ലെന്ന് വീട്ടില്‍ തിരിച്ചറിയുന്നത്. ഇതുണ്ടാക്കുന്ന പുകില്‍ ചെറുതൊന്നുമല്ല.

ഓര്‍മയ്ക്കും മറവിക്കുമിടയിലെ റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ വേഷത്തില്‍ വിജയരാഘവന്‍ നടത്തുന്ന പ്രകടനം സിനിമയെ മറ്റൊരു തലത്തില്‍ എത്തിക്കുന്നുണ്ട്. തനിക്കാവശ്യമുള്ളത് ഓര്‍ക്കാനും വേണ്ടാത്തത് മറക്കാനുമുള്ള സൗകര്യത്തില്‍ അയാള്‍ ജീവിച്ചു പോകുമ്പോള്‍ അനുസരണയുള്ള മകനായി ആസിഫലിയും പ്രേക്ഷക ഹൃദയം കീഴടക്കും. അജയചന്ദ്രന്റെ ഉള്ളിലുള്ള വിങ്ങലുകള്‍ മുഴുവന്‍ ആസിഫലി തന്റെ മുഖത്ത് വരച്ചു ചേര്‍ത്തിട്ടുണ്ട്, എല്ലാ സമയത്തും!

ബോംബുണ്ടാക്കവെ പൊട്ടിത്തെറിച്ച് കൈകള്‍ക്ക് പരുക്കേറ്റ വനം വകുപ്പ് വാച്ചറായി (കള്ളവാറ്റുകാരനും) ജഗദീഷ് വളരെ വ്യത്യസ്തമായ വേഷമാണ് കിഷ്‌കിന്ധാകാണ്ഡത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. അയാളൊരു പഴയ നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ കൂടിയാണ്.

സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ് മുജീബ് മജീദിന്റെ സംഗീതം. എഡിറ്റര്‍ സൂരജ് ഇ എസിന് ദൃശ്യങ്ങളെ ചേര്‍ത്തുവെച്ച് കാഴ്ചക്കാരനെ അനുഭവിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു. തിരക്കഥാ രചയിതാവാണ് ക്യാമറാമാനെന്നത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. തങ്ങളുടെ മനസ്സിലുള്ള കാഴ്ചകള്‍ ക്യാമറാമാനും സംവിധായകനും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കുന്നത് ഈ കാരണംകൊണ്ടു കൂടിയാണ്.

ഈ സിനിമയില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്- ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നാടോടിപ്പാട്ടിനെ കഥാപാത്രങ്ങളുടെ മുന്‍കാല ജീവിത പരിസരങ്ങളുമായി മനോഹരമായി ബന്ധിപ്പിച്ചിരിക്കുന്നു. വരികളോ അര്‍ഥമോ മനസ്സിലാകില്ലെങ്കിലും ദൂരെ കേള്‍ക്കുന്ന ഈ പാട്ട് ആസ്വദിക്കാന്‍ മലയാളിക്കും സാധിക്കും.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് തടത്തിലാണ് കിഷ്‌കിന്ധാകാണ്ഡം നിര്‍മിച്ചിരിക്കുന്നത്.

 ചിത്രം കണ്ടിറങ്ങിയാലും പ്രേക്ഷകർക്കുള്ളിൽ കണ്ടകാഴ്ചകൾ വീണ്ടും വീണ്ടും  മിന്നിമറഞ്ഞുപോവും. നോവു പടർത്തി എന്തോ ഒന്ന് മനസ്സിൽ പിടയും. അത്തരത്തിൽ സിനിമയുടേതായൊരു മാജിക് സമ്മാനിക്കുന്നുണ്ട് കിഷ്കിന്ധാകാണ്ഡം.

സമ്മിശ്ര വികാരങ്ങളിലൂടെ കടന്നുപോവുന്ന അജയനായി മികച്ച പ്രകടനമാണ് ആസിഫ് അലി കാഴ്ച വയ്ക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’യിലൂടെ ആസിഫിന് അഭിനയപ്രാധാന്യമുള്ളൊരു വേഷം സമ്മാനിച്ച സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. വീണ്ടും ആസിഫുമായി കൈകോർക്കുമ്പോൾ, ആസിഫിലെ നടന്റെ സാധ്യതകളെ ഏറ്റവും മനോഹരമായി തന്നെ പുറത്തെടുക്കുന്നുണ്ട് ദിൽജിത്ത്. 

അപ്പു പിള്ളയെന്ന മിസ്റ്ററി മനുഷ്യനെ വിജയരാഘവനേക്കാൾ മനോഹരമായി മറ്റാർക്കെങ്കിലും പോർട്രൈ ചെയ്യാനാവുമെന്ന് തോന്നുന്നില്ല. കാഴ്ചക്കാരുടെ ഉള്ളിലും നോവായി മാറുകയാണ് അപ്പു പിള്ള. അന്വേഷണകുതുകിയായ അപർണയെന്ന കഥാപാത്രത്തെ അപർണ ബാലമുരളിയും മികച്ചതാക്കിയിരിക്കുന്നു. ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി,കോട്ടയം രമേഷ്, മാസ്റ്റർ ആരവ്, വൈഷ്ണവി രാജ്, ഷെബിൻ ബെൻസൺ  എന്നിവരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 

തിരക്കഥ തന്നെയാണ് ചിത്രത്തിലെ സൂപ്പർസ്റ്റാർ. ശക്തമായ ഒരു തിരക്കഥ എങ്ങനെയാണ് ഒരു ചിത്രത്തിന്റെ നട്ടെല്ലായി മാറുക എന്നു കൂടിയാണ് കിഷ്കിന്ധാകാണ്ഡം കാണിച്ചുതരുന്നത്. നിഗൂഢതയും സസ്പെൻസുമെല്ലാം നിലനിർത്തി,  കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ സ്പേസ് നൽകി കൊണ്ട് പഴുതുകൾക്കിട നൽകാതെയാണ് തിരക്കഥയുടെ പ്രയാണം.

കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുക മാത്രമല്ല ചിത്രം ചെയ്യുന്നത്, ജീവിതാവസ്ഥകളുടെ പല തലങ്ങളിലേക്കു സഞ്ചരിക്കുന്ന ചിത്രം പല അടരുകളിൽ വായിച്ചെടുക്കാവുന്ന ഒന്നാണ്. ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ചുറ്റികറങ്ങുന്ന ആ പരിസരവും ചിത്രത്തിലെ വികൃതികുട്ടിയുമൊക്കെ ചിത്രത്തിനു ‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന പേരു എന്തുകൊണ്ട്  നൽകി എന്നുള്ളതിനുള്ള ഉത്തരമാണ്.

ബാഹുൽ രമേശാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുക മാത്രമല്ല ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും ബാഹുൽ രമേശാണ് തന്നെ.  

തിരക്കഥയുടെ ആത്മാവിനെ അതുപോലെ ഉൾകൊണ്ട് പകർത്തുന്നതിൽ സംവിധായകൻ ദിൻജിത്ത് അയ്യത്താനും വിജയിച്ചിട്ടുണ്ട്. മറക്കാന്‍ ആ​ഗ്രഹിക്കുന്ന ഭൂതകാലത്തെ ഉള്ളില്‍ ഒളിപ്പിച്ചു പിടയുന്ന മകനും ഇനി തനിക്കെന്തെങ്കിലും തെറ്റുപ്പറ്റികാണുമോ എന്ന് ആയിരമാവർത്തി സ്വയം അന്വേഷിച്ചുകൊണ്ടിരിക്കുന്ന അച്ഛനും പ്രേക്ഷകരുടെ ഉള്ളുതൊടുക തന്നെ ചെയ്യും. 

കഥയ്ക്ക് ആവശ്യമായ മിസ്റ്ററി ഫീൽ നിലനിർത്തുന്നതിൽ സിനിമോട്ടോഗ്രാഫിയ്ക്കും ചിത്രത്തിന്റെ ലൊക്കേഷനും വലിയ പ്രാധാന്യമുണ്ട്. റിസർവ് ഫോറസ്റ്റിനോട് ചേർന്നുകിടക്കുന്ന ആ വീടും പരിസരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. സൂരജ് ഇ എസ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ ജോബി ജോർജ്ജ് ആണ് സിനിമയുടെ നിര്‍മാണം. 

കുറ്റമറ്റ തിരക്കഥ, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ, പല അടരുകളിൽ അനുഭവവേദ്യമാവുന്ന കാഴ്ചാനുഭവം…. മലയാളത്തിൽ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. ധൈര്യമായി ടിക്കറ്റെടുക്കാം, ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല.  

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !

അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ...

Related Articles

Popular Categories

spot_imgspot_img