ബംഗളൂരു: ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. കർണാടകയിലെ രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം.
സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് (26) ആണ് പിടിയിലായത്. ഒരു മാസം പ്രായമായ കുഞ്ഞിനെയാണ് ഇവർ വിൽപ്പന നടത്തിയത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും.
ആറ് വർഷം മുമ്പായിരുന്നു സദ്ദാം പാഷയുടേയും നസ്രീൻ താജിൻ്റെയും വിവാഹം. തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയാണ് സദ്ദാം. ഇരട്ട കുട്ടികൾ അടക്കം നാല് മക്കളാണ് ദമ്പതികൾക്കുള്ളത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഇവരുടെകുടുംബത്തെ അലട്ടിയിരുന്നു. ഇതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കും പതിവായിരുന്നു.
ഡിസംബർ അഞ്ചിന് സദ്ദാം ജോലിക്ക് പോയ സമയത്താണ് നസ്രീൻ ഇടനിലക്കാരായ അസ്ലമിന്റെയും ഫാഹിമയുടെയും സഹായത്തോടെ ബെംഗളൂരു സ്വദേശിക്ക് കുഞ്ഞിനെ വിറ്റത്. ഒന്നരലക്ഷം രൂപയ്‌ക്കാണ് ഇടപാട് നടത്തിയത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സദ്ദാം കുഞ്ഞിനെ അന്വേഷിച്ചപ്പോൾ കുട്ടിക്ക് സുഖമില്ലെന്നും ബന്ധുക്കൾ കൊണ്ടുപോയെന്നും നസ്രീൻ കള്ളം പറയുകയുരുന്നു.
രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതൊടെ സദ്ദാം ഭാര്യയ്‌ക്കെതിരെ പരാതി നൽകി. ഇതോടെ നസ്രീൻ താജ്, ഇടനിലക്കാരായ അസ്ലം, തരണം സുൽത്താൻ, ഷാസിയ ബാനു എന്നിവരെ അറസ്റ്റ് ചെയ്തു.