കണ്ണൂരിൽ മലിന ജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ സംഘർഷം. അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. ചെട്ടിപ്പിടിക നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസികളായ ടി ദേവദാസ്, മകൻ സഞ്ജയ്, ദാസ് മകന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർ പോലീസ് കസ്റ്റഡിയിലായി.
സംഭവം നടന്നത് ഇങ്ങനെ.
ഞായറാഴ്ച രാത്രി അജയകുമാർ തന്റെ കാർ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കി വിട്ടിരുന്നു. ഇത് ദേവദാസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റിയെങ്കിലും അല്പസമയത്തിനുശേഷം ദേവദാസും സംഘവും അജയകുമാറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കല്ലും വടികളും ഹെൽമറ്റും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അജയകുമാർ ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെട്ടു. ദേവദാസും ഒപ്പം ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. അജയകുമാറിന്റെ മുദ്ദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.