റിയാദ്: കൊല്ലം സ്വദേശികളായ മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ചയാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തിനെ തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെ അന്വേഷിച്ച് ഫ്ലാറ്റിലെത്തുകയായിരുന്നു. ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസിൻറെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വർഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്.
രണ്ട് മാസം മുമ്പാണ് പ്രീതയെ സൗദിയിലേക്ക് കൊണ്ടുവന്നത്. ശരതിന്റെ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങൾ: പ്രവീൺ, പ്രിയ. മരണാനന്തര നിയമനടപടികൾക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.