കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. നിർണായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാറിനുള്ളിൽ നിന്നും ഒരാൾ ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഭിന്നശേഷിക്കാരനായ ഇയാളായിരിക്കാം കൊല നടത്തിയത് എന്ന് നിഗമനത്തിലാണ് പോലീസ്. (A major turning point in the incident where a body was found with its throat cut inside the car)
ഇന്നലെ പുലർച്ചയോടെയാണ് തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ കളിയിക്കവിളക്ക് അടുത്തുള്ള പെട്രോൾ പമ്പിന് സമീപത്ത് നിർത്തിയിട്ട നിലയിൽ ഉള്ള കാറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കരമന സ്വദേശിയായ ക്വാറി ഉടമ എസ് ദീപു ആണ് കൊല്ലപ്പെട്ടത്. കഴുത്തിന്റെ 90% വും അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. അന്വേഷണത്തിന് ഒടുവിലാണ് ഇത് ദീപുവിന്റെ മൃതദേഹം ആണെന്ന് കണ്ടെത്തിയത്.
കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാത്രി ഏഴരയോടെ വീട്ടിൽ നിന്നും പോയതാണ് ദീപു. നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു.
അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു ദീപു. ഇതുമായി ബന്ധപ്പെട്ട് ചെറിയ സാമ്പത്തിക തർക്കങ്ങളുമുണ്ടായിരുന്നു. ഇതിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കന്യാകുമാരി എസ്‌പി സുന്ദരവദനം നേരത്തെ അറിയിച്ചിരുന്നു. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.