കോവളത്ത് പച്ചത്തൊണ്ടിൽനിന്ന് ചകിരിയുണ്ടാക്കുന്ന യൂണിറ്റിന് തീപിടിച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു തീപ്പിടിത്തം. കുഴിവിളാകം വട്ടപ്പാറ വാഴമുട്ടം കയർ സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കയർ സൊസൈറ്റിയുടെ പച്ചത്തൊണ്ട് തല്ലി നാരുണ്ടാക്കുന്ന യൂണിറ്റാണ് തീപിടിത്തത്തിൽ പൂർണ്ണമായും കത്തി നശിച്ചത്.
ഉത്പാദനത്തിനുശേഷം യൂണിറ്റിനുളളിൽ സൂക്ഷിച്ചിരുന്ന കെട്ടുകണക്കിന് ചകിരി കത്തിപ്പോയി. ആളപായമില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാകാം ചകിരിക്കെട്ടിന് തീപിടിച്ചതെന്ന് അഗ്നിരക്ഷാ സേനാധികൃതർ പറഞ്ഞു. തൊണ്ടുതല്ലൽ യൂണിറ്റിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് സംഘം പ്രസിഡന്റിനെ വിളിച്ച് വിവരമറിയിച്ചത്. ഏകദേശം ഏഴുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് സംഘം പ്രസിഡന്റ് പറഞ്ഞു. വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങളുപയോഗിച്ച് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജീവനക്കാർ അവധിയിലായിരുന്നു. അതിനാലാണ് ആളപായം ഒഴിവായത്.