ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു
ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പുന്നമടക്കായലേക്ക് സഞ്ചരിച്ച ബോട്ടിനാണ് ചിത്തിര കായലിൽ എത്തിയ സമയത്ത് തീപിടിച്ചത്. ബോട്ടിന്റെ പിറകിൽ ഇലക്ട്രിക് സാധനങ്ങൾ വെച്ചിരുന്ന സ്ഥലത്ത് നിന്നായിരുന്നു തീപടർന്നു കയറിയത്.
പിന്നീട് ഹൗസ് ബോട്ടിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് ബോട്ട് കരയിലേക്ക് അടുപ്പിക്കുകയും അടുത്തുള്ള ഒരു തുരുത്തിൽ സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. പിന്നാലെ ബോട്ടിന്റെ ഓല മേഞ്ഞ ഭാഗത്ത് തീ പടരുകയും പൂർണമായും ബോട്ട് കത്തുകയുമായിരുന്നു.
ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഹൗസ് ബോട്ടിന്റെ തീ അണയ്ക്കാൻ ശ്രമം നടക്കുകയാണ്. യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റി കുമരകത്തേക്ക് തിരികെ അയച്ചു.
2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മുരിക്കുംപുഴ തൈങ്ങന്നുര്‍ക്കടവിലാണ് അപകടമുണ്ടായത്. കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെയാണു അപകടമുണ്ടായത്. മുരിക്കുപുഴയിലെ ചോളമണ്ഡലം ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കുളിക്കാന്‍ ഇറങ്ങിയ സമയത്ത് ഒഴുക്കില്‍പ്പെട്ടു കാണാതാവുകയായിരുന്നു.
തുടർന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണു ഇരുവരെയും കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
മീൻ പിടിക്കുന്നതിനിടെ വള്ളത്തിൽ തീപിടിച്ചു
ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ വള്ളത്തിനു തീപിടിച്ചതിനെ തുടർന്ന് ഉപകരണങ്ങൾ കത്തി നശിച്ചു.
കഴിഞ്ഞദിവസം രാവിലെ ഏഴരയോടെ കായംകുളം ഹാർബറിന് പടിഞ്ഞാറ് ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്.
പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ചോർന്നതാണ് തീപിടുത്തത്തിന് കാരണമായത്. കായംകുളം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ആറാട്ടുപുഴ കള്ളിക്കാട് രാജുവിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യ നക്ഷത്രം ലൈലന്റ് വള്ളത്തിനാണ് തീപിടിച്ചത്.
തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറും സ്റ്റൗവും തമ്മിൽ ഘടിപ്പിക്കുന്ന പൈപ്പിൽ തീ പിടിക്കുകയായിരുന്നു.
കാറ്റുള്ളതിനാൽ പെട്ടെന്ന് തീ ആളി പടർന്നു. സ്രാങ്ക് ഇരിക്കുന്ന ക്യാബിന് ഉള്ളിലേക്കും തീ പടർന്നതോടെ തൊഴിലാളികൾക്കിടയിൽ ആശങ്ക ഉയർന്നു.
തുടർന്ന് വെള്ളം പമ്പ് ചെയ്തെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞില്ല. വള്ളത്തിലെ എണ്ണയ്ക്ക് തീ പിടിച്ചതോടെ ആളിപ്പടരുകയായിരുന്നു. ഇതോടെ വള്ളത്തിൽ നിന്നും കറുത്ത പുക ഉയർന്നു.
ഈ സമയത്ത് 45 തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിന്റെ ഉടമസ്ഥനായ രാജു കൊളുത്തുപോലെയുള്ള നീളമുള്ള കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ വലിച്ച് മാറ്റിയതിനുശേഷം ഓഫ് ചെയ്തതോടെയാണ് തീ നിയന്ത്രണവിധേയമായത്.
തീപിടുത്തത്തിൽ വയർലെസ് സെറ്റ്, ജിപിഎസ് സംവിധാനം, എക്കോ സൗണ്ടർ, ക്യാമറ തുടങ്ങിയവ കത്തി നശിച്ചു. തീപിടിത്തത്തിൽ വള്ളത്തിനും വലയ്ക്കും കേടു പറ്റി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്.
Summary: A houseboat caught fire in Alappuzha’s Chithira Lake. The houseboat, carrying tourists from a Kumarakom resort, was involved in the accident. The incident occurred this afternoon.