കോട്ടയം വൈക്കത്ത് വീട്ടിൽ വൻ കവർച്ച. അലമാരിയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയി. ഒമ്പതാം വാർഡ് തെക്കേ നാവള്ളിൽ എൻ. പുരുഷോത്തമൻ നായരുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രിയിൽ കവർച്ച നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് :
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ പുരുഷോത്തമൻ നായരും ഭാര്യ ഹൈമവതിയും മകൾ ദേവി പാർവതിയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ട് പോയി. അന്ന് അവിടെ തങ്ങിയ ഇവരുടെ വാഹനം രാജേഷ് ആണ് വീട്ടിൽ കൊണ്ടുവന്നിട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ പുറത്തുനിന്നും പൂട്ട് തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. പോലീസിൽ അറിയിച്ചതിനെ തുടർന്ന് അവരെത്തി നടത്തിയ പരിശോധനയിൽ വീടിന്റെ സമീപത്തുണ്ടായിരുന്ന ഏണി ഭിത്തിയിൽ ചാരി വച്ച് നിലയിൽ കണ്ടെത്തി. വീടിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. 70 പവനോളം സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയതായി കുടുംബം അറിയിച്ചു. മുറികളിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലാണ്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.