ചുമട്ടുതൊഴിലാളിയുടെ 5000 രൂപ കവർന്നു
താമരശ്ശേരി: ചുമട്ടുതൊഴിലാളിയോട് പരിചയം നടിച്ച് എടിഎം കാർഡ് തട്ടിയെടുത്ത് 5000 രൂപ പിൻവലിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
എടിഎം കൗണ്ടറിൽ വെച്ച് സഹായം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ചുമട്ടുതൊഴിലാളി പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ പണം പിൻവലിക്കാൻ കയറിയ ചുമട്ടുതൊഴിലാളിയെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പുകാരൻ സമീപിക്കുകയായിരുന്നു.
തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് കൈക്കലാക്കി. പണം പിൻവലിക്കുന്നതിനിടെ മറ്റൊരു കാർഡ് തിരികെ നൽകി ചുമട്ടുതൊഴിലാളിയെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് ഈ കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് 5000 രൂപ പിൻവലിക്കുകയും ചെയ്തു.
അതേസമയം അപരിചിതരായ ആളുകളുടെ സഹായം എടിഎം കൗണ്ടറുകളിൽ സ്വീകരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എടിഎം കാർഡും പിൻ നമ്പറും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
ബാങ്കിടപാടുകൾ നടത്തുമ്പോൾ സഹായത്തിനായി ആരെയും സമീപിക്കാതിരിക്കുക. ഇത്തരത്തിൽ എന്തെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിലും ബാങ്കിലും അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 കോടി
കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക് വൻതുക നഷ്ടമായി. മട്ടാഞ്ചേരി സ്വദേശിനിയുടെ രണ്ട് കോടി 88 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളിവായി നല്‍കിയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്ന് ദിവസം മുമ്പാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്ന് ഷെയര്‍ മാര്‍ക്കറ്റില്‍ നിഷേപിക്കാമെന്ന വ്യാജേന 25 കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പില്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. സമാനമായി ഷെയര്‍ മാര്‍ക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയില്‍ 12 ലക്ഷം രൂപ തട്ടിയ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
Summary: A fraud case was reported in Thamarassery, Kozhikode, where a headload worker was cheated at an ATM. The fraudster stole his card by pretending to help and withdrew ₹5,000.