പാലക്കുഴ : മൂവാറ്റുപുഴയിൽ കോഴി ഫാം കത്തി നശിച്ച നിലയില്‍. അഗ്‌നിബാധയില്‍ 600 ഓളം കോഴിക്കുഞ്ഞുങ്ങള്‍ വെന്ത് ചത്തു.
ഇല്ലിക്കുന്ന് കുന്നപ്പിള്ളി റെജി ജോസഫിന്റെ കോഴിഫാമാണ് ശനിയാഴ്ച രാത്രി 10.30യോടെ കത്തി നശച്ചത്.
10000 കോഴികളെ വളര്‍ത്താനുള്ള സൗകര്യമാണ് ഫാമില്‍ ഉണ്ടായിരുന്നത്. അതില്‍ 5000 കുഞ്ഞുങ്ങളെ ഇടാനുള്ള കൂടാണ് കത്തി നശിച്ചത്.
അഗ്‌നിബാധയുടെ സമയത്ത് ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുഞ്ഞുങ്ങള്‍ കൂടിന്റെ ഒരു ഭാഗത്തേക്ക് കൂട്ടമായി മാറിയതിനാല്‍ ഓടിക്കൂടിയ ഫാം തൊഴിലാളികളും ഉടമസ്ഥനും ചേര്‍ന്ന് ബാക്കി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഫാമിന്റെ മേല്‍ക്കൂരയുടെ ഇരുവശത്തു നിന്നുമാണ് തീ പടര്‍ന്നിരിക്കുന്നത്. ഫാമിനു മറ്റാരെങ്കിലും തീ വെച്ചതാകാം എന്നാണ് ഉടമയുടെ സംശയം.
കൂട് കത്തി നശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിബി ജോര്‍ജും ആരോപിച്ചു.
കൂടിന് നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ ഉടമയ്ക്ക് 5 ലക്ഷം രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. കൂത്താട്ടുകുളം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്.