കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരി തല കറങ്ങി വീണു. കോട്ടയം സ്വദേശിനി സുപ്രിയക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
മെമുവിലെ അനിയന്ത്രിത തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്.
എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1 A പ്ലാറ്റ്ഫോം പൂർത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ സർവീസ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
രാവിലെ ഓടുന്ന കൊല്ലം–എറണാകുളം മെമു, പാലരുവി എക്സ്പ്രസ്, കൊല്ലം എറണാകുളം സ്പെഷൽ, വേണാട് എക്സ്പ്രസ് തുടങ്ങിയവയെല്ലാം തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും യാത്രക്കാരിൽ നിരവധിപേർ വാതിൽപ്പടിയിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യുന്നത്.
രാവിലെ 7.55ന് കോട്ടയത്തുന്ന കൊല്ലം- എറണാകുളം സ്പെഷൽ മെമുവിലാണ് ഇപ്പോൾ തിരക്ക് അതിരൂക്ഷമായിട്ടുള്ളത്. രാവിലത്തെ തിരക്കുമൂലം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാതെ മടങ്ങിപോകുന്നവരും നിരവധിയാണ്.
നിലവിൽ എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തിപ്പോകുന്ന മെമു സർവീസ് പ്രാബല്യത്തിൽ വന്നാലേ ജില്ലയിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്താനാകൂ എന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹി ശ്രീജിത്ത് കുമാർ വ്യക്തമാക്കി.
Summary: A female passenger fainted due to overcrowding on the Kollam–Ernakulam MEMU train