ലണ്ടൻ: ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്.
ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു മണിക്കൂർ വൈകിയിരുന്നു. ഇതേ തുടർന്ന് യാത്രക്കാർക്കിടയിൽ അസ്വസ്ഥത നിലനിന്നിരുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പുറത്തു വന്ന വിഡിയോയിൽ, ഒരാൾ സഹയാത്രികനെ മർദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. പിന്നീട് അയാളുടെ നെഞ്ചിൽ ബലമായി തള്ളി. ഇത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും അയാൾ തട്ടിമാറ്റി.
സംഭവം ഗുരുതരമായതിനെ തുടർന്ന്, പുറപ്പെടുന്നതിന് മുൻപ് പൊലീസ് വിമാനത്തിൽ എത്തുകയും ഇരു യാത്രക്കാരെയും താക്കീത് ചെയ്യുകയും ചെയ്തു എന്ന് ഈസിജെറ്റ് അധികൃതർ പറഞ്ഞു.
ഒരു യാത്രക്കാരൻ ചിപ്‌സും മറ്റ് ലഘുഭക്ഷണങ്ങളും നിലത്തിട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്തതിന് മറ്റുള്ളവർ പരിഹസിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു.
വിമാന ജീവനക്കാർ ഉടൻ ഇടപെട്ട് സ്ഥലം ശാന്തമാക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഈസിജെറ്റ് അറിയിച്ചു.