കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യയിൽ നിർണായക തെളിവ് പുറത്ത്. മരിച്ച ഷൈനി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ബി എസ് സി നഴ്സിംഗ് പൂർത്തിയാക്കിയിട്ടും ജോലി കിട്ടാത്തതും യുവതിയെ അസ്വസ്ഥയാക്കിയതായി ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാണ്. മരിക്കുന്നതിന് മുൻപ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് സങ്കടങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
ഒരുപാട് അന്വേഷിച്ചിട്ടും നാട്ടിൽ ജോലി കിട്ടുന്നില്ലെന്നും, മക്കളെ ഹോസ്റ്റലിൽ നിർത്തിയിട്ട് എവിടെയെങ്കിലും ജോലിക്ക് പോകണമെന്നും, വിദേശത്തേക്ക് പോകണമെങ്കിലും എക്‌സിപീരിയൻസ് ആവശ്യമാണെന്നും ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നു. മാത്രമല്ല വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനി പറഞ്ഞിരുന്നു.
വിവാഹ മോചനത്തിനായി പല തവണ നോട്ടീസ് അയച്ചിട്ടും ഭർത്താവ് നോബി അത് കൈപ്പറ്റിയില്ലെന്നും, ഫെബ്രുവരി 17ന് കോടതിയിൽ വിളിച്ചിരുന്നു അപ്പോഴും നോബി എത്തിയില്ലെന്നും അവർ പറഞ്ഞു. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നുമുള്ള ആശങ്കയും ഷൈനി പങ്കുവെക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ നോബിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ട്രാക്കിനടുത്തെത്തിയ പ്രദേശവാസികളാണ് ചിന്നിച്ചിതറിയ നിലയിൽ കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികളേയും കൊണ്ട് ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.