വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
പാലക്കാട്: വടക്കാഞ്ചേരിയിൽ സ്കൂൾവിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
14 വയസുകാരനായ വിദ്യാർഥിയെ ബൈക്കുകളിൽ എത്തിയ ആളുകളാണ് തട്ടിക്കൊണ്ട് പോകാനായി ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്കൂൾ വിട്ടു വരുന്ന വഴിയിൽ ഒഴിഞ്ഞ പാടത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലായെത്തിയ രണ്ടുപേർ കുട്ടിയുടെ മുൻപിൽ ക്രോസായി വാഹനം നിർത്തിക്കുകയും ബലമായി പിടിച്ചുകയറ്റാൻ ശ്രമിക്കുകയുമായിരുന്നു.
കുതറിയോടിയ വിദ്യാർഥി സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. പിന്നാലെ ഇരുവരും ഓടിയെത്തിയെന്നും കുട്ടി പറയുന്നു. എന്നാൽ ഇതിന് ശേഷം രണ്ടുപേരും രണ്ടുവഴിക്ക് പോയി.
വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ അന്വേഷണം നടക്കുക.
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊച്ചി: കൊച്ചിയിൽ പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇടപ്പള്ളി പോണേക്കരയിലാണ് സംഭവം. അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെയാണ് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
തൊട്ടടുത്തുള്ള വീട്ടിൽ കുട്ടികൾ ട്യൂഷനു പോകുമ്പോഴാണ് സംഭവം നടന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
കൈയിൽ പിടിച്ച് വലിച്ചതോടെ കുട്ടികൾ നിലവിളിക്കുകയും കുതറിയോടുകയും ചെയ്തു. ഇതോടെ സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്.
സംഭവം ഇങ്ങനെ
വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. കുട്ടികളുടെ വീട്ടിൽ നിന്ന് മൂന്ന് വീടിന്റെ ദൂരത്താണ് ഇവർ ട്യൂഷന് പോകുന്ന വീട് ഉള്ളത്. വൈകീട്ട് ട്യൂഷനു പോകാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ.
കുട്ടികൾ ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടിൽ നിന്നിറങ്ങി നടക്കവേ ഒരു വെള്ള കാർ അടുത്തുകൊണ്ടുവന്ന് നിർത്തി.
കാറിന്റെ പിൻവശത്തിരുന്നയാൾ കുട്ടികൾക്കു നേരേ മിഠായികൾ നീട്ടി. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ സംഘം മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തി.
തുടർന്ന് കുട്ടികൾ ഉറക്കെ കരയുകയായിരുന്നു. ഈ സമയത്ത് തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു.
ഇതോടെ ഇവർ കാറിന്റെ ഡോർ അടച്ചു. ഇവിടെ നിന്നും കുതറിയോടിയ കുട്ടികൾ ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാർ വേഗത്തിൽ ഓടിച്ചുപോയി.
പിന്നാലെ ട്യൂഷൻ ടീച്ചറോട് വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് അവർ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും ചെയ്തു.
അതേസമയം സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് തട്ടിക്കൊണ്ട് പോകൽ ശ്രമം നടത്തിയതെന്നാണ് നിഗമനം. സംഭവം നടന്ന ഭാഗത്ത് സിസിടിവികൾ ഇല്ല.
അതുകൊണ്ട് തന്നെ കുട്ടികളെ നേരത്തെ നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയതെന്നാണ് കരുതുന്നത്.
അതേസമയം ഈ കാർ ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുശേഷം പെരുമനത്താഴം റോഡിലേക്ക് വരുന്നതും പോകുന്നതും പ്രദേശവാസികളിൽ ചിലർ കണ്ടിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം.
ENGLISH SUMMARY:
A complaint has been filed in Vadakkanchery stating that a 14-year-old student was the target of a kidnapping attempt while returning home from school. The complaint alleges that the suspects arrived on motorbikes and tried to abduct the student.