മലയാള സിനിമയിലെ പീഡന ആരോപണങ്ങൾ ഒന്നൊന്നായി വരുന്നതിനിടയിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ അടിമാലി പൊലീസ് കേസെടുത്തു. (A case was filed against actor Baburaj on the woman’s complaint of molestation)
സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വസതിയിലും വച്ച് ബാബുരാജ് പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
യുവതി പറയുന്നത്: ”ഡിഗ്രി പഠനത്തിനുശേഷംമാണ് ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിക്കായി എത്തുന്നത്. ബാബുരാജിന്റെ ജന്മദിന പാർട്ടി റിസോർട്ടിൽ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.
തനിക്ക് അഭിനയിക്കാനുള്ള താൽപര്യം മനസ്സിലാക്കി ‘കൂദാശ’ എന്ന സിനിമയിൽ ചെറിയൊരു വേഷം നൽകി. പിന്നീട് പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019 ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു.
സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞു. ഒരു ദിവസം ആ വീട്ടിലെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്നു ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീടു മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി.
പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ, ‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും ഞാൻ വിസമ്മതിച്ചു”. യുവതി പരാതിയിൽ പറയുന്നു.
ഡിഐജിക്ക് ഓൺലൈനായി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്.