തൃശൂർ: ജ്വല്ലറി അടച്ച് വീട്ടിലേക്കു പോയ ഉടമകളെ കാറിടിച്ച് വീഴ്ത്തിയ ശേഷം മൂന്നര കിലോഗ്രാം സ്വർണം കവർന്ന സംഭവത്തിൽ നാലു പേർ പിടിയിലായി. കണ്ണൂർ സ്വദേശികളായ പ്രബിൻ ലാൽ, ലിജൻ രാജൻ, തൃശൂർ സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. തൃശൂർ വെസ്റ്റ് ഫോർട്ടിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇവർ പിടിയിലാവുന്നത്. എന്നാൽ വാഹനത്തിൽനിന്ന് മോഷണമുതലായ സ്വർണം കണ്ടെത്താനായിട്ടില്ല. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിനു സമീപത്തുവെച്ചായിരുന്നു ആക്രമണവും പിടിച്ചുപറിയും നടന്നത്. പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെ.എം ജ്വല്ലറി ഉടമകളായ യൂസുഫ്, സഹോദരൻ ഷാനവാസ് എന്നിവർ കടയടച്ച് മുഴുവൻ ആഭരണങ്ങളും തൂക്കിക്കണക്കാക്കി രേഖപ്പെടുത്തി ബാഗിൽ വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. ഇന്നലെ രാത്രി 8.45ഓടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആക്രമണമുണ്ടാകുകയായിരുന്നു.
സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയ ശേഷം പെപ്പർ സ്പ്രെ അടിക്കുകയായിരുന്നു. പിന്നീട് മൂക്കിനിടിച്ചുവീഴ്ത്തി പിറകിലുള്ളയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. വീടെത്തുന്നതിന് അൽപം മുമ്പായിരുന്നു ആക്രമണവും കവർച്ചയും. ഉടൻ ജ്വല്ലറി അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.