തമിഴ്‌നാട് ധര്‍മപുരയില്‍ നാലംഗ മലയാളി കുടുംബം സഞ്ചരിച്ച കാറില്‍ ലോറി തട്ടി ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി കട്ടപ്പന വള്ളക്കടവ് തെക്കേവയലില്‍ കുര്യാച്ചന്‍ (65) ആണ് മരിച്ചത്. ഭാര്യ ജയ്‌ന് ഗുരുതരമായി പരിക്കേറ്റു. മകള്‍ ലിറ്റീഷ്യയും മരുമകന്‍ തോമസും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. (A car carrying natives of Idukki met with an accident in Tamil Nadu and one person died)
ശനിയാഴ്ച രാവിലെ 10ഓടെയാണ് അപകടമുണ്ടായത്. അയര്‍ലന്‍ഡില്‍ പഠനത്തിനായി പോയ മകന്‍ ആല്‍ബര്‍ട്ടിനെ ബംഗളുരു വിമാനത്താവളത്തില്‍ യാത്രയാക്കി തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.
തോമസ് ഓടിച്ചിരുന്ന കാറില്‍ മുന്നില്‍പ്പോയ ലോറിയുടെ പിന്‍വശം ഇടിക്കുകയായിരുന്നു. കുര്യാച്ചനെ ധര്‍മപുരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയ്ക്ക് പരിക്കേറ്റ ജയ്‌നെ മെഡിക്കല്‍ കോളേജില്‍ നിന്ന് സേലത്തെ ന്യൂറോ ആശുപത്രിയിലേക്ക് മാറ്റി. യാത്രാമധ്യേ കുര്യാച്ചന്റെ മരണവിവരമറിഞ്ഞ മകന്‍ ആല്‍ബര്‍ട്ട് അബുദാബിയില്‍ നിന്ന് തിരികെ ബംഗളുരുവിലേക്ക് പുറപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.