അമീബിക് മസ്തിഷ്ക ജ്വരം; വീണ്ടും മരണം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.
ബുധനാഴ്ചയാണ് റഹീമിനെ ഗുരുതരാവസ്ഥയിൽ ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട്ട് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ റഹീമിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.
ഒറ്റയ്ക്കു താമസിച്ചുവന്നയാളായതിനാൽ തന്നെ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. നിലവിൽ 10 പേരാണ് നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികില്‍സയിലുള്ളത്.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയായ 30 വയസ്സുകാരിയുമടക്കമാണ് ചികിത്സയിലുള്ളത്.
ചാവക്കാട് സ്വദേശിയുടേത് ഉൾപ്പെടെ ഏഴുപേരുടെ മരണമാണ് അമീബിക് രോഗ ബാധയെത്തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ സംഭവിച്ചത്.
താമരശ്ശേരി സ്വദേശിയായ അനയ (9), മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ശോഭന (56), വയനാട് ബത്തേരി സ്വദേശിയായ രതീഷ് (45), ഓമശേരി സ്വദേശികളായ ദമ്പതികളുടെ മൂന്നു മാസം പ്രായമുളള കുഞ്ഞ്, മലപ്പുറം കണ്ണമംഗലം കണ്ണേത്ത് റംല (52), ചേലേമ്പ്ര സ്വദേശി ഷാജി (48) എന്നിവരാണ് ഇതിനു മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
അതിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിയായ മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ബുധനാഴ്ച രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടിരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം
കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ എന്ന മൂക്കില്‍ നിന്ന് വെള്ളമൊലിക്കുന്ന അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്ക ജ്വരം എളുപ്പത്തിൽ പിടിപെടാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. എന്നാൽ തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല.
മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ് എന്നറിയപ്പെടുന്നത്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതു വഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് പുറത്തേക്ക് ഒഴുകും.
ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യത ഏറെയാണ്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയുണ്ട്.
ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
Summary: A 59-year-old man from Chavakkad, Thrissur, died due to amoebic meningoencephalitis. The patient, Rahim, passed away while undergoing treatment at Kozhikode Medical College.