മോസ്‌കോ: റഷ്യയിൽ യുക്രെയിനെതിരെ മുൻനിരയിൽ യുദ്ധം ചെയ്യുകയായിരുന്ന 22കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ രവി മൗൻ ആണ് മരിച്ചത്.A 22-year-old Indian who was fighting on the frontline against Ukraine in Russia was killed
മോസ്കോയിലെ ഇന്ത്യൻ എംബസി രവിയുടെ കുടുംബത്തോട് മരണവിവരം അറിയിച്ചു. എന്നാൽ എന്ത് സാഹചര്യത്തിലാണ് രവി മൗൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
22കാരനായ രവിയെ യുക്രെയിനെതിരെ നിർബന്ധിച്ച് യുദ്ധത്തിൽ പങ്കെടുപ്പിച്ചതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഹരിയാനയിലെ കൈഥൽ ജില്ലയിലെ മട്ടൗർ ഗ്രാമവാസിയാണ് രവി മൗൻ.
മാർച്ച് 12നാണ് കുടുംബവുമായി ഒടുവിൽ ബന്ധപ്പെട്ടത്. റഷ്യയിൽ ഒരു ഡ്രൈവറുടെ ജോലി വാങ്ങിത്തരാം എന്ന ഉറപ്പിലാണ് ഏജന്റ് രവിയെ കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്.
‘റഷ്യയിൽ ഡ്രൈവറായി ജോലി ലഭിക്കുമെന്ന് ഏജന്റ് ഉറപ്പ് നൽകി. എന്നാൽ റഷ്യ-യുക്രെയിൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് രവിയെ നിർബന്ധിച്ചു. മാർച്ച് 12നാണ് രവിയുമായി ഞങ്ങൾ അവസാനമായി സംസാരിച്ചത്.’ രവി മൗന്റെ സഹോദരൻ അജയ് പറഞ്ഞു.
രവിയുടെ മൃതദേഹം കുടുംബത്തിന് നൽകാൻ മാതാവിന്റെ ഡിഎൻഎ പരിശോധന റിപ്പോർട്ട് നൽകണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. എന്നാൽ രവിയുടെ മാതാവ് മരിച്ചതിനാലും പിതാവ് സുഖമില്ലാതെ കിടപ്പിലായതിനാലും സഹോദരൻ ഡി എൻ എ ടെസ്‌റ്റിന് തയ്യാറായി.
യുദ്ധത്തിൽ പങ്കെടുക്കുന്ന വിവരം മാർച്ച് ആറിന് രവി കുടുംബത്തിനെ അറിയിച്ചു. തോക്കുമായി നിൽക്കുന്ന പട്ടാള യൂണിഫോമിലെ ചിത്രങ്ങളും ലഭിച്ചു. ഇതോടെ കുടുംബം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
ഇവർ റഷ്യൻ അധികൃതരോട് വിവരം തിരക്കിയിരുന്നു.സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ചില്ലെങ്കിൽ 10 വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് രവി യുദ്ധത്തിൽ പങ്കെടുത്തത്.
ഈ വർഷം ജനുവരി 23ന് ഗ്രാമത്തിലെ മറ്റ് ആറ് യുവാക്കൾക്കൊപ്പമാണ് രവി റഷ്യയിലേക്ക് പോയത്. ഇതിനായി തങ്ങളുടെ ഭൂമി വിറ്റ് 11.5 ലക്ഷം രൂപ കുടുംബം ചെലവാക്കി. രവിയുടെ മൃതദേഹം പരമാവധി വേഗം വിട്ടുകിട്ടാൻ കുടുംബം പ്രധാനമന്ത്രിയെ സമീപിച്ചു.









