വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിതാവ് ശകാരിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച 17കാരി മരിച്ചു. ബത്തേരി ബീനാച്ചി കട്ടയാട് ചങ്ങനക്കാട് കബീർ ജംഷീന ദമ്പതികളുടെ മകൾ ഷിബില ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷിബിലയെ ഉടൻതന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടാണ് ഷിബില മരിച്ചത്. പിതാവ് സുഹൃത്തുക്കളോടൊപ്പം വീട്ടിലിരുന്ന് കഴിഞ്ഞദിവസം മദ്യപിച്ചതിനെ ഷിബില ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ പിതാവ് ഷിബിലിയെ ശകാരിക്കുകയും ചെയ്തു. ഇതിൽ മനം നൊന്താണ് ഷിബില ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് സൂചന. ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഷിബില.
