പന്തളം: പന്തളത്തുനിന്ന് കാണാതായ പതിനേഴുകാരിയെ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കാട്ടിൽ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തൊട്ടലിൽ വീട്ടിൽ ശരണാണ് (20 ) പിടിയിലായത്. ഈമാസം 19നാണ് സംഭവം. പഠിക്കാൻ പോയ വഴിക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വെൺമണിയിലെ സ്കൂളിന്റെ സമീപം മുളമ്പള്ളി കണ്ടത്തെ കാട്ടിൽ കുട്ടിയുമായി ഒളിച്ചുകഴിയുകയായിരുന്നു ഇയാൾ. ശരൺ ഉപയോഗിച്ചിരുന്ന ഫോൺ പൊലീസിനെ ഭയന്ന് എറണാകുളത്ത് വച്ച് ഉപേക്ഷിച്ചിരുന്നു.
അടൂർ ഡിവൈ. എസ്.പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ്കുമാർ, എ.എസ്.ഐമാരായ ഷൈൻ , സിറോഷ്,പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, അനുപ, അമീഷ്, അൻവർഷ , അർച്ചിത്, വിപീഷ്, അഖിൽ, അമൽ ഹനീഫ് എന്നിവരടങ്ങിയ 12 അംഗ അന്വേഷണസംഘം രൂപവത്കരിക്കുകയും പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ കാട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തി. ശരണിനെ അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.