കൊല്ലം: ഭർത്താവിൽ നിന്നും കൊടിയ സ്ത്രീധന പീഡനം നേരിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കുണ്ടറ സ്വദേശിനിയാണ്സ്ത്രീധനത്തിൻറെ പേരിൽ തന്നെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി എത്തിയത്.
വിവാഹം കഴിഞ്ഞ്അഞ്ചാംദിവസമാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, നിതിൻറെ കുടുംബം ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി.
10 വർഷത്തെ പ്രണയത്തിന് ഒടുവിൽ കഴിഞ്ഞ നവംബർ 25 നാണ് യുവതിയുടെയും നിതിൻറെയും വിവാഹം നടന്നത്. ശരീരമാസകലം അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു.
സ്ത്രീധനമായി സ്വർണം കൊണ്ടുവരാൻ പറഞ്ഞ് തന്നെ അടിച്ചിരുന്നുവെന്നും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസമുട്ടിച്ചുവെന്നും യുവതി പറഞ്ഞു. പരിക്കുകളോടെ 29ാം തീയതിയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.
ആശുപത്രിയിൽ വെച്ച് യുവതിയുടെ സഹോദരനെ ഭർത്താവ് ആക്രമിച്ചെന്നും യുവതി പറയുന്നു.എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും മർദ്ദന പരാതി അടിസ്ഥാന രഹിതമാണെന്നുമാണ് കുടുംബത്തിൻറെ വാദം.