യു.കെ.യിൽ ജന്മനാ ഗർഭപാത്രമില്ലാതെ ജനിച്ച യുവതി മാറ്റിവെച്ച ഗർഭപാത്രമുപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി. ആദ്യമായാണ് യു.കയിൽ മാറ്റിവെച്ച ഗർഭപാത്രം ഉപയോഗിച്ച് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ അമ്മയായ 36 കാരിയായ ഗ്രേസ് ഡേവിഡ്സൺ പ്രവർത്തനരഹിതമായ ഗർഭപാത്രമില്ലാതെയാണ് ജനിച്ചത്.
2023 ൽ അവരുടെ സഹോദരിയുടെ ഗർഭപാത്രം അവർക്ക് ലഭിച്ചു – അന്ന് യുകെയിലെ ഒരേയൊരു വിജയകരമായ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു അത്. ശസ്ത്രക്രിയയ്ക്ക് രണ്ട് വർഷത്തിന് ശേഷം, ഫെബ്രുവരിയിൽ ഗ്രേസ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.
ഗർഭപാത്രം ദാനം ചെയ്ത ഗ്രേസിന്റെ സഹോദരിയുടെ പേരാണ് അവരും ഭർത്താവ് ആംഗസും (37) തങ്ങളുടെ മകൾക്ക് ആമി എന്ന് പേരിട്ടിരിക്കുന്നത്. രണ്ട് കിലോയിൽ കൂടുതൽ (നാലര പൗണ്ട്) ഭാരമുള്ള കുഞ്ഞ് ആമിയെ ആദ്യമായി കൈയിലെടുക്കുന്നത് ‘അവിശ്വസനീയവും’ ‘അതിശയകരവുമായിരുന്നു’ എന്ന് അമ്മ ഗ്രേസ് പറയുന്നു.
വടക്കൻ ലണ്ടനിൽ താമസിക്കുന്ന ഗ്രേസും ആംഗസും സ്‌കോട്ട്‌ലൻഡിൽ നിന്നുള്ളവരാണ്, മാറ്റിവയ്ക്കപ്പെട്ട ഗർഭപാത്രം ഉപയോഗിച്ച് രണ്ടാമത്തെ കുട്ടിയ്ക്ക് ജന്മം നൽകാമെന്ന് അവർ പ്രതീക്ഷിക്കുന്നു.
ഗ്രേസിന്റെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ച ദാതാക്കളെ ഉപയോഗിച്ച് മൂന്ന് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടി നടത്തിയതായി ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീം അറിയിച്ചു. 2019 ലാണ് ഗ്രേസിന്റെ രണ്ട് സഹോദരിമാരിൽ ഒരാളായ ആമി പർഡി തന്റെ ഗർഭപാത്രം ഗ്രേസിന് ദാനം ചെയ്യുന്നത്. അവർക്ക് അപ്പോൾ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.
അനധികൃതമായി വലിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു:
ബെംഗളൂരു ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം അനധികൃതമായി വലിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. ഓങ്കാർ റേഞ്ചിൽ ആലതൂരു വില്ലേജിൽ ചൊവ്വാഴ്ച പുലർച്ച യായിരുന്നു അപകടം.
40 വയസുള്ള രാജേഷ് എന്ന കൊമ്പനാനയാണ് ചെരിഞ്ഞത്. പ്രദേശത്ത് താമസിക്കുന്നയാളുടെ കൃഷിഭൂമിയിലാണ് ആനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.