പാറ്റ്ന: ഇരുപത്തിരണ്ടാമത്തെ വയസിൽ ഐപിഎസ് സ്വന്തമാക്കി, വെറും അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയതിന് പിന്നാലെ രാജിവെച്ച യുവതിയുടെ വാർത്തയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.
ഒഡിഷ സ്വദേശിനിയായ കാമ്യ മിശ്ര എന്ന ഇരുപത്തെട്ടുകാരിയാണ് ഐപിഎസ് ഉപേക്ഷിച്ച് വാർത്തകളിൽ നിറയുന്നത്. കാമ്യയുടെ രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു. യുവതി ഇനി പുതിയ മേഖലയിലേക്ക് കടക്കുകയാണ്. തന്റെ കുടുംബ ബിസിനസ് നോക്കിനടത്താനാണത്രെ യുവതി ഐപിഎസ് ഉപേക്ഷിച്ചത്.
ഒഡിഷ സ്വദേശിനിയായ കാമ്യ ചെറിയ പ്രായത്തിൽ തന്നെ പഠന മികവിൽ അധ്യാപകരെ വിസ്മയിപ്പിച്ച മിടുക്കിയായ വിദ്യാർഥിയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടിയ ശേഷം പിന്നീട് യുപിഎസ്‍സി സിവിൽ സർവീസസ് പരീക്ഷയിൽ 172-ാം റാങ്ക് നേടി തന്റെ 22-ാം വയസിൽ തന്നെ ഐപിഎസ് സ്വന്തമാക്കി.
2020 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായി ആദ്യ നിയമനം ലഭിച്ചു. ഹിമാചൽ പ്രദേശ് കേഡറിലായിരുന്നു പോസ്റ്റിംഗ്. പിന്നീട് വിവാഹ ശേഷം ബിഹാർ കേഡറിലെത്തി. പരിശീലനം പൂർത്തിയാക്കി അഞ്ച് വർഷം ജോലി ചെയ്തു. 28-ാം വയസിൽ ഐപിഎസിൽ നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു കാമ്യ.
പലരും സ്വപ്നമായി കാണുകയും വർഷങ്ങളോടും കഠിന്വാധ്വാനം ചെയ്യുകയും ചെയ്യുന്ന ആ ജോലി കാമ്യ ഉപേക്ഷിക്കുന്നത് തന്റെ കുടുംബ ബിസിനസ് നോക്കി നടത്താനാണെന്നാണ് പത്ര റിപ്പോർട്ടുകൾ പറയുന്നത്.
ഒഡിഷയിലെ വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് കാമ്യയുടെ പിതാവ്. വീട്ടിലെ ഒരേയൊരു അനന്തരാവകാശിയായ കാമ്യ അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കാനായി ഐപിഎസ് ഉപേക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
പൊതുസേവന രംഗത്തു നിന്ന് കോർപറേറ്റ് മാനേജ്‍മെന്റ് തലപ്പത്തേക്കായിരിക്കും കാമ്യയുടെ ഇനിയുള്ള യാത്ര.
കാമ്യയുടെ ഭർത്താവ് അവാദേഷ് സരോജും ഒരു ഐപിഎസ് ഓഫീസറാണ്. 2019 ബാച്ച് ഉദ്യോഗസ്ഥനായ അവാദേഷും ബീഹാർ കേഡറിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു എന്നാണ് റിപ്പോർട്ട്.
ഐപിഎസ് പരിശീലനത്തിനിടെയാണ് കാമ്യ അവാദേഷിനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും 2022ൽ വിവാഹിതരായി.
രാജസ്ഥാനിലെ ഉദയ്‍പൂരിൽ വെച്ചായിരുന്നു ഇവരുടെ ആഡംബര വിവാഹ ചടങ്ങുകൾ നടന്നത്. ഒരേ കേഡറിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് കാമ്യ ഐപിഎസ് ഉപേക്ഷിച്ച് അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കുന്നത്.









