ബെയ്റൂട്ട്: ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന്. ഇന്ത്യൻ സമയം ഇന്നു രാത്രി എട്ടരയ്ക്കാണ് യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വെച്ച് സ്ഥാനമേൽക്കുന്നത്.
സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവയുടെ നേതൃത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത.
ഇന്ത്യൻ സമയം രാത്രി 7.30 ന് ശുശ്രൂഷകൾ തുടങ്ങും. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ് നടക്കുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാൻ ബെയ്റൂട്ടിൽ എത്തിയിട്ടുണ്ട്. വിശ്വാസികളടക്കം അറുനൂറോളം പേരാണ് സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷികളാവുക.
ചടങ്ങ് നടക്കുന്ന ബെയ്റൂട്ടിൽ പുതുതായി നിർമിച്ച സെൻറ് മേരീസ് പാത്രയർക്കാ കത്തീഡ്രലിൻറെ കൂദാശാ കർമം ഇന്നലെ രാത്രി നടന്ന. ഇവിടെ വെച്ചാണ് സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് നടക്കുക. പുതിയ കാതോലിക്കയെ വാഴിക്കുന്നതിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി യാക്കോബായ സഭാ മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
ജോസഫ് മാർ ഗ്രിഗോറിയോസ്
മുളന്തുരുത്തി മാർത്തോമ്മൻ ഇടവകയിൽ പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തിട്ടയിൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ 10 നാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ജനനം.
പരേതയായ ശാന്ത, വർഗീസ്, ഉമ്മച്ചൻ എന്നിവർ സഹോദരങ്ങളാണ്. പെരുമ്പള്ളി പ്രൈമറി സ്‌കൂൾ, മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പെരുമ്പിള്ളി മോർ യൂലിയോസ് സെമിനാരിയിൽ വൈദിക പഠനം.
എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. അയർലന്റിലെ ഡബ്ലിൻ സെന്റ് പാട്രിക് കോളജിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദം. ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിലും അമേരിക്കയിൽ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ ആൻഡ് കൗൺസിലിങിൽ ഡിപ്ലോമയും സ്വന്തമക്കി.
1984 മാർച്ച് 25 ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. 23-ാം വയസിൽ ബസേലിയസ് ദ്വിതീയൻ കാതോലിക്കാ ബാവ കാശ്മീശ പദവിയിലേക്ക് ഉയർന്നു. 4 വർഷം ബാംഗ്ലൂർ സെന്റ് മേരീസ് പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചു. ലണ്ടനിൽ സെന്റ് തോമസ് സിറിയൻ ഓർത്തഡോക്സ് പള്ളിക്ക് തുടക്കം കുറിച്ചു. നാല് വർഷം അവിടെ വികാരിയായി സേവനം ചെയ്തു.
1993 ഡിസംബർ 22 ന് കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായി. തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത വിരമിച്ചതിനെ തുടർന്ന് മെത്രാപ്പൊലീത്ത സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 1994 ജനുവരി 16ന് 33-ാം വയസിൽ ദമാസ്‌കസിൽ വച്ച് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. 27 വർഷമായി അതേപദവിയിൽ അജപാലന ശുശ്രൂഷ ചെയ്ത് വരികയായിരുന്നു.
18 വർഷം സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും എക്യുമെനിക്കൽ വേദികളിൽ സഭയുടെ പ്രതിനിധിയായും സേവനം അനുഷ്ടിച്ചി. ഗൾഫ്-യൂറോപ്യൻ ഭദ്രാസനങ്ങളുടേയും തെക്കൻ ഭദ്രാസനങ്ങളുടേയും അങ്കമാലി ഭദ്രാസനത്തിൽ വിവിധ മേഖലകളുടെയും ചുമതലകൾ നിർവഹിച്ചു. സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി 2019 മുതൽ പ്രവർത്തിച്ചു വരികയാണ്.









