കൊച്ചി: നടുറോഡിൽ കത്തി വീശിയത് ചോദ്യം ചെയ്തത യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം എസ്ആർഎം റോഡിലായിരുന്നു സംഭവം നടന്നത്.
കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മാത്രമല്ല കാറിന്റെ ബോണറ്റിന് മുകളിൽ കിടന്ന യുവാവിനെ അര കിലോ മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
കൊലപാതക ശ്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നതോടെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. കേസിൽ ഒരാളെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിക്കടിമയായ യുവാവാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. നടുറോട്ടിൽ അക്രമാസക്തമായി പെരുമാറിയതും ആയുധമെടുത്തതും യുവാവ് ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലായിരുന്നു കൊലപാതക ശ്രമം നടത്തിയത്.
നാല് യുവാകളായിരുന്നു ഇയാളുടെ കാറിൽ ഉണ്ടായിരുന്നത്. യുവാക്കൾ എസ്ആർഎം റോഡിലെ ഹോസ്റ്റലിൽ ലഹരി ഉപയോഗത്തിന് എത്തിയതാണെന്ന് നാട്ടുകാർ വെളിപ്പെടുത്തി. പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ലഹരി ഉപയോഗം നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്.
തുടർന്ന് ഇതിൽ ഒരു യുവാവ് കത്തിയെടുത്ത് വീശുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ കാർ മുന്നോട്ട് എടുത്തതോടെയാണ് യുവാവിനെ ഇടിച്ചത്. ഹോസ്റ്റൽ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.