വിവാഹം കഴിഞ്ഞത് മുതൽ കുട്ടികള്‍ വേണ്ടന്ന് പറഞ്ഞ് ഭാര്യ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി യുവാവ്. ബെംഗളൂരുവിൽ ശ്രീകാന്ത് എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തനിക്കൊപ്പം തുടരാന്‍ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്നും ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
തന്റെ ജോലി സംബന്ധമായ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കിടെ ഭാര്യ ഉറക്കെ പാട്ടുവെച്ച് ഡാന്‍സ് കളിക്കുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിക്കുന്നു. 2022ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ പ്രശ്നങ്ങൾ ആരംഭിച്ചതായും ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് ആരോപിക്കുന്നു.
വര്‍ക്ക് ഫ്രം ഹോമിനിടെ ഭാര്യ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കുടുംബത്തിന്റെ പിന്തുണയോടെയാണ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.
കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു
കോഴിക്കോട്: നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് മോഷണം നടന്നത്. ആനക്കുഴിക്കര സ്വദേശി റഈസിന്‍റെ പണമാണ് നഷ്ടമായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.
കാർഡ്ബോർഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് പണം കാറില്‍ സൂക്ഷിച്ചിരുന്നത്. റഈസിന്‍റെ ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തു നിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിനു മൊഴി നൽകിയത്. അതേസമയം പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. റഈസിന്‍റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറുപ്പംപടിയിലെ പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ; കേസിൽ പ്രതി ചേർക്കും
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണ് പീഡനം നടത്തിയിരുന്നതെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയത്. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
പ്രതി ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷം ഇവരുടെ അമ്മയെയും പ്രതി ചേർക്കും.