തൃശ്ശൂർ: സംസഥാനത്തുടനീളം ജനങ്ങളെ കബളിപ്പിച്ച പാതി വില തട്ടിപ്പിന് പിന്നാലെ, ‘ഡെഡ് മണി’ എന്ന പേരിലുള്ള പുതിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരവധി പേരാണ് ഈ തട്ടിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
‘ഡെഡ് മണി’ തട്ടിപ്പിൽ കുടുങ്ങിയ ആളുകൾ നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ട്. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് ഡെഡ് മണി തട്ടിപ്പിലെ പ്രതികൾ.
മാടായിക്കോണം സ്വദേശിയായ മനോജിൻ്റെ പരാതിയിലാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ടവരുടെ നിക്ഷേപവും, സ്വത്തുവഹകളും വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടൽ. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ കിട്ടുമെന്ന പൊള്ളയായ വാഗ്ദാനത്തിൽ വിശ്വസിച്ച് നിരവധി ആളുകളാണ് നിക്ഷേപം നടത്തിയത്.
മാത്രമല്ല ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പ്രതികൾ പണം തട്ടിയതായി പോലീസ് പറഞ്ഞു. പ്രവാസിയായ തൃശൂർ ആനന്തപുരം സ്വദേശി മോഹനൻ എന്നയാൾക്ക് 45 ലക്ഷം രൂപയോളമാണ് തട്ടിപ്പിൽ നഷ്ട്ടമായിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കുറച്ചധികം നാളുകളായി നാട്ടിൽ നിലനിൽക്കുന്ന തട്ടിപ്പാണ് ഇതെന്നാണ് ഇരയായവർ പറയുന്നത്. അതുകൊണ്ടുതന്നെ നിരവധി ആളുകൾ ഈ തട്ടിപ്പിന് ഇരയായതായാണ് കരുതപ്പെടുന്നത്.