ലോകത്തെ ഞെട്ടിച്ച് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി.വൈ.ഡി. കുറഞ്ഞ സമയം കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ കഴിയുന്ന ചാർജിങ്ങ് സംവിധാനം പുറത്തിറക്കി. സൂപ്പർ ഇ പ്ലാറ്റഫോം എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിന് 1000 കിലോവാട്ട് ചാർജിങ്ങ് വേഗത കൈവരിക്കാൻ കഴിയും.
അഞ്ചു മിനിട്ടുകൊണ്ട് 400 കിലോമീറ്റർ ഓടാൻ ആവശ്യമായ ചാർജ് സംഭരിക്കാനാകും എന്നതിനാൽ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം കൊണ്ടുവരാൻ കഴിയുന്ന സംവിധാനമാണ് ബി.വൈ.ഡി. അവതരിപ്പിച്ചതെന്ന് നിസ്സംശയം പറയാം.
ഇതോടെ ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ലയ്ക്ക് വൻ തിരിച്ചടിയും ലഭിച്ചിരിക്കുകയാണ്. തീവ്ര വലതുപക്ഷങ്ങൾക്ക് ഒപ്പം നിന്നതിന്റെ പേരിൽ 15 ശതമാനത്തോളം ഇടിവുണ്ടായ ടെസ്ലയുടെ വിപണിയ്ക്ക് പുതിയ ഭീഷണിയാണ് ബി.വൈ.ഡി. എന്നാണ് സാങ്കേതിക രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
ടെസ്ലയുടെ സൂപ്പർ ചാർജറുകൾക്ക് 500 കിലോ വാട്ട് വരെയേ ചാർജിങ്ങ് വേഗത കൈവരിക്കാനാകൂ. തിങ്കളാഴ്ച വാൾ സ്ട്രീറ്റിൽ ടെസ്ല ഓഹരികൾ 4.8 ശതമാനം ഇടിഞ്ഞു.
പുതിയ ചാർജർ തങ്ങളുടെ രണ്ടു പുതിയ മോഡലുകളിൽ ലഭ്യമാക്കുമെന്നാണ് ബി.വൈ.ഡി. അറിയിക്കുന്നത്.