പത്തനംതിട്ട: ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് ദേവസ്വം ബോര്‍ഡ് മാറ്റം വരുത്തിയത്. ഇനി മുതല്‍ എല്ലാ മാസ പൂജകള്‍ക്കും രാവിലെ അഞ്ചിനു നട തുറക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും.
തുടർന്ന് വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. സിവില്‍ ദര്‍ശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദര്‍ശനം) പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ നട തുറന്നശേഷം 6 മണി മുതല്‍ മാത്രമേ സിവില്‍ ദര്‍ശനം ഉണ്ടാവുകയുള്ളൂ. രാത്രി 9.30 ന് സിവില്‍ ദര്‍ശനത്തിനുള്ള സമയം അവസാനിക്കും.
പുതിയ സമയക്രമം ചൊവ്വാഴ്ച മുതല്‍ നടപ്പിലാക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് കൂടുതല്‍ ദര്‍ശന സമയം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്.
അതേസമയം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ഇന്നലെ കളഭാഭിഷേകവും പടിപൂജയും നടന്നു. പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയിലാണ് ശ്രീകോവിലിൽ എത്തിച്ചത്. തുടർന്ന് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. മീനമാസ പൂജ പൂർത്തിയാക്കി നാളെ ശബരിമല നട അടയ്ക്കും.