ന്യൂയോർക്ക്: സുനിത വില്യംസും, ബുച്ച് വിൽമോറും ഉൾപ്പടെയുള്ള ക്രൂ -9 സംഘത്തിൻറെ മടക്കയാത്ര സമയം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുനഃക്രമീകരിച്ചു. മാർച്ച് 18ന്, അതായത് നാളെ രാവിലെ എട്ടേകാലോടെ നാല് യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിൻറെ വാതിലുകൾ അടയും. തുടർന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും.
17 മണിക്കൂറോളം നീളുന്ന യാത്രയായിരിക്കും സംഘത്തിന്റേത്. തുടർന്ന് 19ന് പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്. ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിൻറെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ ചില സാങ്കേതിക തകരാറുകൾ മൂലം ഇരുവർക്കും മുമ്പ് നിശയിച്ചിരുന്ന സമയത്ത് തിരികെ വരാനായിരുന്നില്ല. അങ്ങനെയാണ് 7 ദിവസത്തെ ദൗത്യം 9 മാസത്തിലേറെ നീണ്ടത്.
ഇതിനിടയിൽ പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും, ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാർലൈനർ ലാൻഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.