കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല സംസ്‌കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി കെ.സി.എച്ച്.ആർ. ഡയറക്ടർ പ്രൊഫ. ഡോ. ദിനേശൻ വി. അറിയിച്ചു. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരേയാണ് പുരാവസ്തു ഖനനം നടന്നത്.
ജില്ലയിലെ മനുഷ്യവാസം സംബന്ധിച്ച് നേരിട്ടുള്ള തെളിവുകളാണ് മുൻപ് നേരിട്ടുള്ള തെളിവുകൾ കണ്ടെത്തിയിരുന്നില്ല. ഇരുമ്പുയുഗ ആദിമ ചരിത്രകാലഘട്ടത്തിലെ മഹാശിലായുഗ ശവകുടീരങ്ങൾ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. അവയിൽ പ്രധാനമായും കണ്ടുവരുന്ന മുനിയറകൾ, കൽവെട്ടു ഗുഹകൾ, നടുകല്ലുകൾ, നന്നങ്ങാടികൾ തുടങ്ങിയവ ജില്ലയിൽ വലിയ തോതിൽ കാണപ്പെടുന്നുണ്ട്.
ചെല്ലാർക്കോവിൽ, രാജക്കണ്ടം, ഞാറക്കുളം എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള ശവകുടീരങ്ങൾ മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആനപ്പാറയിൽ ഖനനം നടന്ന ട്രഞ്ചിൽ നിന്ന് കറുപ്പ് , ചുവപ്പ് , ചുവപ്പ്-കറുപ്പ് , ചുവപ്പിൽ വെള്ള വരകളോട് കൂടിയ ഉൾപ്പെടെയുള്ള വിവിധ രീതിയിലുള്ള മൺപാത്ര കഷ്ണങ്ങൾ ലഭിച്ചു.
ഇരുമ്പു കൊണ്ടുള്ള ആയുധങ്ങൾ, ഇരുമ്പ് ഉരുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ, ടെറക്കോട്ട ഡിസ്‌കുകൾ, കല്ലുകൊണ്ടും ഗ്ലാസ് കൊണ്ടും നിർമിച്ചതുമായ മുത്തുകൾ എന്നിവയും കണ്ടെത്തി. ഇരുമ്പ് ഉത്പാദനത്തിലെ വിവിധ ഘട്ടങ്ങളിലുള്ള വസ്തുക്കളുടെ കണ്ടെത്തൽ ഈ സൈറ്റിൽ ഇരുമ്പുരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നതിലേക്കുള്ള വിലപ്പെട്ട വിവരങ്ങളാണ് നൽകുന്നത്.
മറ്റൊരു ട്രഞ്ചിൽ നിന്നും വലിയ തോതിൽ മൺ പാത്രങ്ങൾ കണ്ടെത്തിയതോടൊപ്പം, കല്ലുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങൾ ഇരുമ്പ് അസ്ത്രങ്ങൾ, അരിവാളിന്റെ അവശിഷ്ടങ്ങൾ, കത്തികൾ, ഇരുമ്പ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ, ഇരുമ്പ് ഉരുക്കാൻ ഉപയോഗിക്കുന്ന ഉരുക്കുപാത്ര കഷ്ണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.