തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. അഫാൻ നടത്തിയ വധശ്രമത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി, നീണ്ട 17 ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിടുന്നത്.
നാടിനെ നടുക്കിയ അഫാന്റെ കൊലപാതക പരമ്പരകളെക്കുറിച്ച് വളരെ വൈകിയാണ് ഷെമിയെ ബന്ധുക്കൾ അറിയിച്ചത്. ഇതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അഫാനെ കാണിക്കാൻ പൊലീസും ബന്ധുക്കളും അനുവദിച്ചിരുന്നില്ല
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊല അരങ്ങേറിയത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ തികച്ചും ദാരുണമായി കൊലപ്പെടുത്തിയത്.
മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. ശേഷം അഞ്ച് കൊലപാതകങ്ങൾ നടത്തിയ അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.